'വിവാഹിതയായ' കാമുകിയെ തട്ടിക്കൊണ്ടുപോയി ബസ്‌തി (ഉത്തര്‍ പ്രദേശ്) : ബന്ധുക്കള്‍ക്കൊപ്പം ഭര്‍തൃ വീട്ടിലേക്ക് മടങ്ങിയ യുവതിയെ സിനിമ സ്‌റ്റൈലിലെത്തി പിടിച്ചുകൊണ്ടുപോയി കാമുകന്‍. ബസ്‌തി ജില്ലയിലെ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ദേശീയ പാത 28 ല്‍ ഗോട്‌വ മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. അതേസമയം സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 366 വകുപ്പ് പ്രകാരം ബിജെപി നേതാവ് കൂടിയായ ഇയാള്‍ക്ക് നേരെ പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു.
ഒരു ചലച്ചിത്ര പുനരാവിഷ്‌കാരം : വിവാഹിതയായ യുവതി തന്‍റെ ബന്ധുക്കള്‍ക്കൊപ്പം ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് ബിജെപിയുടെ പതാകയുള്ള ഒരു ഫോര്‍ച്യൂണര്‍ കാര്‍ ഇവര്‍ സഞ്ചരിച്ച കാറിനെ മറികടന്നെത്തി മുന്‍ഭാഗത്തായി നിര്‍ത്തി. തുടര്‍ന്ന് ഫോര്‍ച്യൂണറില്‍ നിന്നും ആറുപേര്‍ ഇറങ്ങി കാറിലിരുന്ന യുവതിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശേഷാമണി ഉപാധ്യായ പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃ സഹോദരന്‍റെ പരാതിയില്‍ ഉടന്‍ തന്നെ സിറ്റി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തായും അദ്ദേഹം വ്യക്തമാക്കി.
പ്രണയം 'തട്ടിയെടുത്തപ്പോള്‍':കേസിനെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ ബിജെപി നേതാവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്ന് വിവാഹിതയായ സ്‌ത്രീയും പ്രതിയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നാണ് അറിയുന്നത്. മാത്രമല്ല ഇവരില്‍ നിന്നും മോചിപ്പിച്ച യുവതിയെ വൈദ്യപരിശോധനയ്‌ക്ക് അയച്ചതായും ഡിസിപി ശേഷാമണി ഉപാധ്യായ പറഞ്ഞു.
നടപടി വഴിയെ : യുവതിയെ തട്ടിക്കൊണ്ടുപോയ മറ്റ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയ ബിജെപി നേതാവായ പ്രതിയുടെ പേര് രമേശ് എന്നാണെന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. മാത്രമല്ല യുവതിയുടെ മൊഴി കൂടി പരിഗണിച്ച ശേഷം മാത്രമാകും പ്രതികള്‍ക്കെതിരെ പൊലീസ് തുടര്‍നടപടികള്‍ ആരംഭിക്കുക. അതേസമയം കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ യുവതിയെ വിവാഹം ചെയ്‌തതെന്നും എന്നാല്‍ തന്‍റെ ഭാര്യക്ക് ഇത്തരത്തില്‍ പ്രണയബന്ധമുള്ളതായി അറിയില്ലെന്നും വ്യക്തമാക്കി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി.