പാലക്കാട്:വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത് (20), റോഷിത് (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.
സംഭവത്തില്‍ ആറ് പേര്‍ ചൊവ്വാഴ്‌ച(30.08.2022) അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്‌ണു (20) എന്നിവരാണ് മുമ്പ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
അറസ്റ്റിലായ മുഴുവന്‍ പേരെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. ഓഗസ്റ്റ് 28നാണ് ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായി സംഘത്തിന്‍റെ തട്ടിപ്പിന് ഇരയായത്. 'ഫീനിക്‌സ് കപ്പിള്‍സ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാളെ സംഘം വലയില്‍ വീഴ്‌ത്തിയത്.