പത്തനംതിട്ട:ജോലി ചെയ്‌ത ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം മാറ്റി മുക്കുപണ്ടം വച്ച് ലക്ഷങ്ങള്‍ നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റില്‍. ആനിക്കാട് വായ്പ്പൂർ സ്വദേശിനിയായ നീതുമോള്‍ (32) സുഹൃത്തായ കോട്ടാങ്ങൽ സ്വദേശിനി മനു(32) എന്നിവരാണ് അറസ്റ്റിലായത്. 2021 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം.
നീതുമോള്‍ കസ്റ്റമര്‍ റിലേഷന്‍ ഓഫിസറായി ജോലി ചെയ്‌ത നെടുമ്പറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് പണം തട്ടിയത്. ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം ലോക്കറില്‍ വയ്‌ക്കും. കൈക്കലാക്കിയ സ്വര്‍ണം വീണ്ടും മറ്റൊരാളുടെ പേരില്‍ വീണ്ടും പണയം വച്ച് പണം വാങ്ങും. ഇതായിരുന്നു യുവതിയുടെ തട്ടിപ്പ് രീതി.
ഭര്‍ത്താവ് അരുണിന്‍റെയും മറ്റ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്ഥാപനത്തില്‍ നേരത്തെ പണയം വച്ചവരുടെയും പേരിലാണ് യുവതി സ്വര്‍ണം പണയം വച്ചിരുന്നത്. 12,31,000 രൂപയാണ് പലതവണകളായി നീതുമോള്‍ കൈക്കലാക്കിയത്. ഇത്തരത്തില്‍ തട്ടിയെടുത്ത പണത്തില്‍ നിന്ന് ഒരു വിഹിതം സുഹൃത്ത് കൈപ്പറ്റിയിട്ടുണ്ടെന്ന് യുവതി മൊഴി നല്‍കിയതോടെയാണ് മനുവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതുകൂടാതെ പണം ഉപയോഗിച്ച് മൊബൈൽ ഫോണും റിസ്റ്റ് വാച്ചും വസ്‌ത്രങ്ങളും മനുവിന് നല്‍കിയിട്ടുണ്ടെന്നും പണത്തിന്‍റെ ഉറവിടത്തെ കുറിച്ച് മനുവിന് അറിയാമായിരുന്നെന്നും എന്നാല്‍ ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
തട്ടിയെടുത്ത പണം ഉപയോഗിച്ച് മല്ലപ്പള്ളിയിലെ കാര്‍ ഷോറൂമില്‍ നിന്ന് നീതു പുതിയ കാര്‍ വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവാണ് കാര്‍ ഉപയോഗിച്ചിരുന്നത്. യുവതിയും സുഹൃത്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചറിയാന്‍ പൊലീസ് ഇരുവരുടെയും അകൗണ്ടുകള്‍ പരിശോധിച്ചു. ധനകാര്യസ്ഥാപനത്തിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഓഫർ ലെറ്റർ, അപ്പോയ്‌മെന്‍റ് ഓർഡർ, അറ്റൻഡൻസ് രജിസ്റ്റർ, സ്ട്രോം റൂമുമായി ബന്ധപ്പെട്ട കീ ട്രാൻസാക്ഷൻ രജിസ്റ്റർ നിരവധി രേഖകള്‍ പൊലീസ് പരിശോധന നടത്തി. ഇവയുടെ പകര്‍പ്പുകളും ഇരുവരുടെയും സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും പൊലീസ് കോടതിയില്‍ ഹാജരാക്കി.
മല്ലപ്പള്ളിയിലെ ഒരു ഗോൾഡ് കവറിങ് ഷോപ്പിൽ നിന്നാണ് യുവതി മുക്കുപണ്ടങ്ങൾ വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കടയുടമയുടെ മൊഴിയും പൊലീസ് ശേഖരിച്ചു. ധനകാര്യ സ്ഥാപനത്തിലെ സീനിയർ ബ്രാഞ്ച് മാനേജർ വിശ്വംഭരനാണ് കഴിഞ്ഞ ഡിസംബറില്‍ വിഷയത്തില്‍ പരാതി നല്‍കിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് വന്‍ തട്ടിപ്പ് പുറത്ത് വന്നത്.