ഇടുക്കി:ഇടുക്കി പോതമേട്ടിൽ നായാട്ടിനിടെ ആദിവാസി യുവാവിനെ വെടിവച്ച് കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന് യുവാവിന്റെ കുടുംബം. വെടിയേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. കേസിൽ ബൈസൺവാലി ഇരുപതേക്കർ സ്വദേശികളായ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏലക്ക കച്ചവടത്തിൽ നഷ്ടം വന്നതിനെ തുടർന്ന് സാംജി കടക്കെണിയിൽ ആയിരുന്നു. ഇത് വീട്ടാൻ തന്റെ കുടുംബത്തിന്റെ പേരിലുള്ള സ്ഥലം വിറ്റ് പണം നൽകാമെന്ന് മഹേന്ദ്രൻ പറഞ്ഞിരുന്നതായും പണത്തിനായാണ് മഹേന്ദ്രനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. അറസ്റ്റിലായ മൂവരും കൊല്ലപ്പെട്ട മഹേന്ദ്രന്റെ സുഹൃത്തുക്കളാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.