എറണാകുളം:അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയതായി വിദ്യാർഥിനിയുടെ പരാതി. തൃപ്പൂണിത്തുറയിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അധ്യാപകനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കലോത്സവം കഴിഞ്ഞു മടങ്ങവെയാണ് അധ്യാപകൻ മോശമായി പെരുമാറിയതെന്നാണ് പെൺകുട്ടിയുടെ ആരോപണം.
അധ്യാപകനെതിരെ പീഡന പരാതിയുമായി പ്ലസ് വൺ വിദ്യാർഥിനി; കൊച്ചിയില്‍ കൊലപാതക, പീഡനക്കേസുകള്‍ പെരുകുന്നു - പൊലീസ്
എറണാകുളം തൃപ്പൂണിത്തുറയില്‍ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് പ്ലസ് വൺ വിദ്യാർഥിനിയുടെ പരാതി, കൊച്ചിയില്‍ ആവർത്തിച്ചുണ്ടാകുന്ന കൊലപാതകങ്ങൾക്കൊപ്പം, പീഡന പരാതികളും പൊലീസിനെ വലയ്‌ക്കുന്നു
പരാതിയില്‍ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തു. അതേസമയം ആരോപണ വിധേയനായ അധ്യാപകൻ ഒളിവിലാണ്. പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓടുന്ന വാഹനത്തിൽ മോഡൽ പീഡനത്തിനിരയായ വാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഒരു ലൈംഗികാതിക്രമണ പരാതി കൂടി കൊച്ചിയിൽ രജിസ്‌റ്റർ ചെയ്യപ്പെടുന്നത്. മാത്രമല്ല ഒറ്റപ്പാലം സ്വദേശിയായ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവവും തിങ്കളാഴ്‌ചയായിരുന്നു പുറത്തുവന്നത്.
പൊലീസുകാരൻ പ്രതിയായി കഴിഞ്ഞയാഴ്‌ച രജിസ്‌റ്റർ ചെയ്‌ത തൃക്കാക്കര ബലാത്സംഗ പരാതിയിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പൊലീസുകാരനെ നിരവധി തവണ ചോദ്യം ചെയ്‌തുവെങ്കിലും പ്രതിചേർക്കാൻ തെളിവ് കിട്ടിയില്ലെന്നാണ് പൊലീസ് നിലപാട്. ആവർത്തിച്ചുണ്ടാകുന്ന കൊലപാതകങ്ങൾക്കൊപ്പം, പീഡന പരാതികളുടെ ആധിക്യവും കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കൊലപാതക, പീഡനക്കേസുകളിൽ ഒരു പരിധി വരെ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് കഴിയുന്നുണ്ടെങ്കിലും, അനിഷ്‌ട സംഭവങ്ങൾ തടയാൻ കഴിയാത്തതാണ് വലിയ വീഴ്‌ചയായി വിലയിരുത്തപ്പെടുന്നത്.