കേരളം

kerala

ETV Bharat / crime

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; തോമസ് ഡാനിയേലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു - Popular Finance fraud case.

പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയിലൂടെ 1,132 കേസുകളിലായി 14,46,80,680 രൂപയാണ് ഇയാൾ തട്ടിയതെന്ന് ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

#pta popular  തോമസ് ഡാനിയേലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു  പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്  Thomas Daniel  Popular Finance fraud case.  The High Court has denied bail to Thomas Daniel
തോമസ് ഡാനിയേലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

By

Published : May 11, 2022, 2:18 PM IST

പത്തനംതിട്ട:1600 കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി തോമസ് ഡാനിയേലിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ ഹരിപാലാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. 1,132 കേസുകളിലായി ഇയാള്‍ 14,46,80,680 രൂപ തട്ടിയെടുത്തെന്ന് ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇത്രയും വലിയ തട്ടിപ്പ് ആസൂത്രണം ചെയ്ത തോമസ് ഡാനിയലിന് ജാമ്യം നല്‍കിയാല്‍ വലിയ തിരിമറികള്‍ നടത്താന്‍ സാധിക്കുമെന്ന അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന്‍റെ വാദം കണക്കിലെടുത്താണ് തോമസ് ഡാനിയലിന് കോടതി ജാമ്യം നിഷേധിച്ചത്. ഇയാള്‍ നിക്ഷേപകരുടെ പണം ഉപയോഗിച്ച് വസ്തുവകകളും ആഡംബരക്കാറുകളും വാങ്ങിയതായി ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ മക്കളുടെയും മരുമക്കളുടെയും വിദ്യാഭ്യാസത്തിനായി കോടികള്‍ ചെലവഴിച്ചു.

രണ്ടു മക്കള്‍ക്ക് എംബിബിഎസിനായി 25 ലക്ഷവും മൂന്നാമത്തെയാള്‍ക്ക് 40 ലക്ഷവുമാണ് ഡൊണേഷനായി നല്‍കിയത്. മക്കള്‍ക്ക് പുറമെ മരുമകനെയും പഠിപ്പിക്കാന്‍ പണം ചെലവഴിച്ചു. 2013 മുതല്‍ കമ്പനി ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നില്ലെന്നും ഡോ. റിനു പറഞ്ഞതായാണ് ഇഡിയുടെ കണ്ടെത്തല്‍.

also read:ആയിരത്തോളം യുവതികളെ കബളിപ്പിച്ചു: ആറ് വർഷം കൊണ്ട് തട്ടിയെടുത്തത് 10 കോടി; തട്ടിപ്പ് ഇന്‍സ്റ്റഗ്രാം, ഓണ്‍ലൈന്‍ മാട്രിമോണി വഴി

258 ബ്രാഞ്ചുകളിലൂടെ 30,000 നിക്ഷേപകരില്‍ നിന്നായാണ് 1600 കോടി രൂപ പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയിലൂടെ ഇയാള്‍ സമാഹരിച്ചത്. കൂടാതെ ദുബായ്, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്ക് ബിനാമി പേരില്‍ പണം കൈമാറ്റം ചെയ്യുകയും ചെയ്തു. ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഡോളറാക്കി മാറ്റി കാരിയര്‍മാരെ ഉപയോഗിച്ചും ബാങ്ക് മുഖേനയും വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിന് ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന നിക്ഷേപകരുടെ സ്വര്‍ണം മറ്റ് ബാങ്കുകളില്‍ പണയപ്പെടുത്തിയും പണമെടുത്തിട്ടുണ്ട്. 2020 ഓഗസ്റ്റ് 29 നാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ തോമസ് ഡാനിയേല്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ പിന്നീട് ആലപ്പുഴയിലെ പ്രത്യേക കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

തുടര്‍ന്ന് 2021 ഓഗസ്റ്റ് 21 ന് ഇഡി വീണ്ടും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details