റാഞ്ചി :ജാര്‍ഖണ്ഡില്‍ വാഹന പരിശോധനയ്ക്കിടെ വനിത സബ് ഇൻസ്‌പെക്‌ടറെ വാഹനമിടിച്ച് കയറ്റി കൊലപ്പെടുത്തി അക്രമിസംഘം. തുപുദാന സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ സന്ധ്യ ടോപ്‌നോയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വനിത എസ്ഐയെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തി ; ആക്രമണം പുലര്‍ച്ചെ പരിശോധനയ്ക്കിടെ - കന്നുകാലികളെ കടത്തുന്ന സംഘം വനിത പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി
കൊല്ലപ്പെട്ടത് എസ് ഐ സന്ധ്യ ടോപ്‌നോ ; സംഭവം കന്നുകാലികളെ കടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നുള്ള വാഹന പരിശോധനയ്ക്കിടെ
ബുധനാഴ്‌ച (20-07-22) പുലർച്ചെ 2 മണിക്കാണ് സംഭവം. കന്നുകാലികളെ കടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. കന്നുകാലികളെ കടത്തിയ പിക്കപ്പ് വാൻ ഉപയോഗിച്ച് ഉദ്യോഗസ്ഥയെ അക്രമികള്‍ ഇടിച്ച് തെറിപ്പിക്കുകയും അവരുടെ ശരീരത്തിലൂടെ കയറ്റുകയുമായിരുന്നു.
ഉദ്യോഗസ്ഥ സംഭവസ്ഥലത്തുതന്നെ മരിച്ചു. എന്നാല്‍, ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാർ വാഹനത്തെ പിൻതുടർന്നു. അതിനിടെ അക്രമികൾ സഞ്ചരിച്ച വാഹനം മറിഞ്ഞു. ഇതോടെ അതിലുണ്ടായിരുന്നവരെ പൊലീസ് പിടികൂടുകയുമായിരുന്നു.