എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസ് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. ഏപ്രിൽ 12-ാം തിയതി നേരിട്ട് ഹാജരാകാനാണ് കോടതി നിർദ്ദേശം. ദിലീപിനെതിരെ വിചാരണ കോടതിയിൽ നൽകിയ അപേക്ഷ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണത്തിലാണ് കോടതി നടപടി.
Also read: നടിയെ ആക്രമിച്ച കേസ്: നാലാം പ്രതി വിജീഷിന് ജാമ്യം
ദിലീപിന്‍റെ ഫോണിൽ കോടതി രേഖകൾ എത്തിയെന്നും കോടതി രേഖകൾ ചോർന്നുവെന്നും ഈ അപേക്ഷയിൽ ചൂണ്ടികാണിച്ചിരുന്നു. കോടതി സ്റ്റാഫിനെ ഉൾപ്പടെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ മാധ്യമങ്ങൾക്ക് എങ്ങനെ ലഭിച്ചു എന്ന് വിശദീകരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിശ്ചയിച്ച സമയപരിധി ഏപ്രൽ 15ന് കഴിയാനിരിക്കെയാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്.