കണ്ണൂര്‍ :തലശ്ശേരി ഇരട്ടക്കൊലയിൽ തെളിവെടുപ്പ് പൂർത്തിയായി. ആയുധം ഒളിപ്പിച്ച സ്ഥലത്തും കൊല നടത്തിയ സ്ഥലത്തും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അതിനിടെ കൊല്ലപ്പെട്ടവർക്കും പ്രതികൾക്കും ഒരുപോലെയുള്ള സിപിഎം ബന്ധം തുറന്നുകാട്ടുകയാണ് കോൺഗ്രസും ബിജെപിയും.
കൊലയ്ക്ക് പിന്നിൽ ലഹരി മാഫിയ സംഘമാണെന്ന സിപിഎം വാദം അതേപടി പൊലീസ് അംഗീകരിക്കുന്നില്ല. മൂന്നാം പ്രതി സന്ദീപിന്‍റെ വീടിന്‍റെ മുൻവശത്ത് വലതുഭാഗത്തുള്ള മതിലിനോട് ചേർന്ന് കടലാസിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കൊലയ്‌ക്ക് ഉപയോഗിച്ച കത്തി. കത്തിയിൽ രക്തക്കറ പുരണ്ടിരുന്നു. ഒന്നാം പ്രതി പാറായി ബാബുവാണ് കത്തി ഒളിപ്പിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. ഇരുവരേയും കുത്തിയത് താനാണെന്നും ബാബു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
തലശ്ശേരി ഇരട്ടക്കൊലയില്‍ തെളിവെടുപ്പ് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെത്തി. ഇതോടെ കേസ് അന്വേഷണത്തിന്‍റെ നിർണായക ഘട്ടം പൂർത്തിയാവുകയാണ്. കേസിലെ ഏഴ് പ്രതികളും അറസ്‌റ്റിലായി. ആയുധവും കണ്ടെടുത്തു. ഇവർക്ക് ഇടയിലുള്ള സാമ്പത്തിക വിനിമയങ്ങൾ, വാഹനമിടപാട് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ശത്രുതയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പൊലീസ് നിലപാട്. അതിനിടെ കൊല്ലപ്പെട്ടവർക്കും വകവരുത്തിയവർക്കും ഒരുപോലെയുള്ള പാർട്ടി ബന്ധമാണ് സിപിഎമ്മിനെ കുഴക്കുന്നത്.
ഒന്നാം പ്രതി പാറായി ബാബു സിപിഎമ്മിന്‍റെ ലഹരി വിരുദ്ധ ചങ്ങലയിൽ അണിനിരന്നതും ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായതും എഎന്‍ ഷംസീറിനുവേണ്ടി വോട്ടുപിടിക്കാൻ എത്തിയതും ഉയർത്തിക്കാട്ടി കോൺഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ രംഗത്തുവന്നിട്ടുണ്ട്.