വിദ്യാർഥിനികളെ അശ്ലീല വീഡിയോ കാണിച്ചു; അധ്യാപകൻ അറസ്‌റ്റിൽ - obscene video
14:46 January 31
ഇംഗ്ലീഷ് അധ്യാപകൻ ഒരു മാസത്തോളമായി തങ്ങൾക്ക് അശ്ലീല വീഡിയോകൾ കാണിക്കുന്നതായി ഏഴ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി നൽകിയിരുന്നു
മുംബൈ: മഹാരാഷ്‌ട്രയിൽ സ്‌കൂൾ വിദ്യാർഥിനികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോലാപ്പൂർ ജില്ലയിലെ രാധാനഗരി താലൂക്കിലാണ് സംഭവം. പെൺകുട്ടികൾ ഒന്നിലധികം തവണ പരാതി നൽകിയതിനെ തുടർന്ന് സത്താറ ജില്ലയിലേക്ക് സ്‌കൂൾ അധികൃതർ സ്ഥലം മാറ്റം നൽകിയ ബംഗ്‌ഡി എന്നയാളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇംഗ്ലീഷ് അധ്യാപകനായ ബംഗ്‌ഡി കഴിഞ്ഞ ഒരു മാസമായി തങ്ങൾക്ക് അശ്ലീല വീഡിയോകൾ കാണിക്കുന്നതായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പരാതിപെട്ടിരുന്നു. അധ്യാപകന്‍റെ പെരുമാറ്റം പെൺകുട്ടികൾ രക്ഷിതാക്കളെ അറിയിച്ചതോടെ രക്ഷിതാക്കൾ സ്‌കൂൾ പ്രധാന അധ്യാപകന് പരാതി നൽകി. അതേസമയം പ്രധാന അധ്യാപകന് പരാതി നൽകിയതിനെ തുടർന്ന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കുറ്റാരോപിതനായ അധ്യാപകൻ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി അറിയിച്ചിരുന്നു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് എത്തുന്നതിന് മുൻപ് തന്നെ അധ്യാപകനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ ആരോപണവിധേയനായ അധ്യാപകനെ അറസ്‌റ്റ് ചെയ്യണമെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടർന്ന് അധ്യാപകനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഏഴ് വിദ്യാർഥിനികളാണ് ഔദ്യോഗികമായി പരാതി നൽകിയത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.