തിരുവനന്തപുരം:നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഇന്നലെ ആരംഭിച്ചു. സൂര്യഗായത്രിയുടെ അമ്മയെയും അച്ഛനെയും കോടതി ഇന്നലെ വിസ്‌തരിച്ചു. പേയാട് ചിറക്കോണം വാറുവിളാകം സ്വദേശി അരുണാണ് കേസിലെ പ്രതി.
ചലനശേഷി ഇല്ലാത്ത തന്‍റെ കൺമുന്നിലിട്ട് പ്രതി അരുൺ മകളെ തുരുതുരാ കുത്തി എന്ന് സൂര്യഗായത്രിയുടെ അമ്മ കോടതിയിൽ മൊഴി നൽകി. തറയിൽ ഇഴഞ്ഞി ചെന്ന് അത് തടയാൻ ശ്രമിച്ച തന്നെയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചുവെന്നും അമ്മ പറഞ്ഞു. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്‌ജി കെ വിഷ്‌ണുവിനോട് കരഞ്ഞുകൊണ്ടായിരുന്നു അമ്മ വത്സല മൊഴി നല്‍കിയത്.
സംഭവ ദിവസം വീടിന് പുറത്ത് ശബ്‌ദം കേട്ടാണ് സൂര്യയും അച്ഛനും പുറത്തോ പോയി നോക്കിയത്. ഇതിനിടെ അടുക്കളഭാഗത്ത് കൂടി വീടിനുള്ളിൽ കടന്ന പ്രതി തന്‍റെ വായ പൊത്തിപ്പിടിച്ചു. കൈയ്യിട്ടടിച്ച് ബഹളം ഉണ്ടാക്കിയപ്പോള്‍ സൂര്യയും അച്ഛനും വീടിനുളളിലേയ്ക്ക് വന്നു. സൂര്യയെ കണ്ട പ്രതി തുരുതുരെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ശിവദാസനെ തൊഴിച്ചു വീഴ്ത്തി. മകളെ വിവാഹം ചെയ്‌ത് നൽകാത്തതാണ് പ്രതിയ്‌ക്ക് ദേഷ്യം തോന്നാൻ കാരണമെന്നും വത്സല കോടതിയിൽ മൊഴി നൽകി.
പ്രതിയുടെ ചവിട്ടുകൊണ്ട് വീണ താന്‍ വീടിന് പുറത്ത് ഇറങ്ങി നിലവിളിച്ചപ്പോള്‍ നാട്ടുകാര്‍ ഓടി വരുന്നു എന്ന് മനസിലാക്കിയ പ്രതി കത്തി വീടിനുളളില്‍ വലിച്ചെറിഞ്ഞ ശേഷം ഓടിപ്പോയതായി സൂര്യഗായത്രിയുടെ പിതാവ് ശിവദാസന്‍ കോടതിയില്‍ മൊഴി നല്‍കി. തുടർന്ന് കൃത്യത്തിന് ഉപയോഗിച്ച കത്തി തന്‍റെ ഭാര്യ പൊലീസിനെ ഏല്‍പ്പിച്ചതായും ശിവദാസന്‍ പറഞ്ഞു.
ശിവദാസന്‍റെ നിലവിളി കേട്ട് എത്തിയ താനും കൂട്ടാളികളുമാണ് സൂര്യഗായത്രിയെയും വത്സലയെയും ജില്ല ആശിപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കൊളജിലേയ്ക്കും കൊണ്ട് പോയതെന്ന് അയല്‍വാസി കുട്ടന്‍ ആചാരിയും മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍, വിനു മുരളി എന്നിവരും പ്രതിയ്ക്ക് വേണ്ടി പരുത്തിപള്ളി ടി എന്‍ സുനില്‍കുമാറും ഹാജരായി. പ്രതി അരുൺ ഇപ്പോഴും ജയിലിലാണ്. വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.