പത്തനംതിട്ട : ഭാര്യയുടെ സ്വര്‍ണവും പണവുമായി കടന്ന ഭര്‍ത്താവ് അറസ്റ്റില്‍. റാന്നി പുതുശ്ശേരിമല ഫിറോസ് നിവാസില്‍ റഹീമാണ് റാന്നി പൊലീസിന്‍റെ പിടിയിലായത്. ഒക്‌ടോബര്‍ 26ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയത്താണ് പൂട്ടിയിട്ടിരുന്ന മുറി കുത്തിത്തുറന്ന് അലമാര പൊളിച്ച് പത്ത് പവന്‍റെ സ്വര്‍ണമാലയും പണവും മോഷ്‌ടിച്ചത്. "ഞാന്‍ പോകുന്നു, എന്നെ അന്വേഷിക്കേണ്ട" എന്ന് കുറിപ്പും എഴുതി വച്ചിട്ടാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.
സംഭവത്തില്‍ ഭാര്യ റാന്നി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇയാളുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ബുധനാഴ്‌ച ഇയാള്‍ ഒരു വഴിയാത്രക്കാരനില്‍ നിന്നും ഫോണ്‍ വാങ്ങി ബന്ധുവിനെ വിളിച്ചിരുന്നു. പൊലീസ് ഈ നമ്പർ പിന്തുടര്‍ന്നു പ്രതിയെ ആറ്റിങ്ങലില്‍ നിന്ന് പിടികൂടുകയായിരുന്നു.