കേരളം

kerala

ETV Bharat / crime

ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കി മുങ്ങി: മകന്‍റെ കള്ളക്കളി പുറത്തായി

പൊലീസിനെ കബളിപ്പിച്ചാണ് യുവാവ് അമ്മയെ അഗതി മന്ദിരത്തിലാക്കി കടന്നുകളഞ്ഞത്.

son left mother at old age home  adoor mahathma janaseva kendram  pathanamthitta news  പത്തനംതിട്ട വാർത്ത  ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കി മുങ്ങി  പത്തനംതിട്ടയിൽ അമ്മയെ ഉപേക്ഷിച്ച് കടന്നു
ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കി മുങ്ങി; മകന്‍റെ കള്ളക്കളി പുറത്തായി

By

Published : Jul 18, 2022, 2:41 PM IST

പത്തനംതിട്ട:ആള്‍മാറാട്ടം നടത്തി അമ്മയെ അഗതി മന്ദിരത്തിലാക്കി മുങ്ങിയ മകനെതിരെ പരാതിയുമായി അടൂർ മഹാത്മ ജനസേവന കേന്ദ്രം. തിരുവനന്തപുരം വട്ടപ്പാറ കല്ലയം, കാരാമൂട് അനിത വിലാസത്തില്‍ ആന്‍റണിയുടെ ഭാര്യ ജ്ഞാനസുന്ദരിയെ (71) ആണ് മകൻ ഉപേക്ഷിച്ചത്. വഴിയിൽ അപകടകരമായ നിലയിൽ വയോധികയെ കണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ യുവാവ്‌ സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കി കടന്നത്‌.

ജൂലൈ 14ന് അർധരാത്രിയിൽ അടൂർ മിത്രപുരം ഭാഗത്ത് വഴിയരികില്‍ ഒരു വയോധികയെ കണ്ടെത്തിയെന്ന വിവരം പൊലീസിൽ അറിയിക്കുകയും, പൊലീസ് എത്തിയപ്പോൾ അജികുമാര്‍ തന്‍റെ പേര് ബിജുവെന്നാണെന്നും അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്നും പറഞ്ഞു. അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തിയ വൃദ്ധയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. അടൂര്‍ പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന്‌ വയോധികയെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം കൊണ്ടുപോയി.

അജികുമാറിനെ പൊലീസ് തന്നെയാണ് അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് കൊണ്ടു വിടുകയും ചെയ്‌തത്. തുടർന്ന് ഇയാൾ മാതാവുമായി ബിജു എന്ന പേരിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. ശനിയാഴ്‌ച അധികൃതരുടെ അനുമതി വാങ്ങിയശേഷം അജികുമാര്‍ ജ്ഞാനസുന്ദരിയെ കാണാന്‍ അടൂര്‍ മഹാത്മയിലെത്തി.

മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്‌ ഇയാള്‍ തന്നെയാണ് മകനെന്ന് തിരിച്ചറിഞ്ഞത്‌. അമ്മയെ ഉപേക്ഷിക്കുവാൻ മനഃപൂർവം ഇങ്ങനെ ചെയ്‌തതാണെന്ന് സമ്മതിക്കുകയും ചെയ്‌തു. അജികുമാറും ഭാര്യ ലീനയും ചേര്‍ന്ന് നടത്തിയ കളളക്കളിയായിരുന്നു ഇതെന്നും അമ്മയെ സംരക്ഷിക്കാന്‍ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് അഗതി മന്ദിരത്തിലെത്തിച്ചതെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.

അജിമുകാറിനെതിരെ അമ്മയെ തെരുവില്‍ ഉപേക്ഷിച്ചതിനും, ആള്‍മാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും, മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും ജനസേവനകേന്ദ്രം ചെയര്‍മാന്‍ പരാതി നല്‍കി. ഓള്‍ഡ്‌ ഏജ് മെയിന്‍റനല്‍ ആക്‌ട് പ്രകാരം നിയമനടപടികള്‍ക്ക് അടൂര്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നൽകിയതായും അധികൃതർ അറിയിച്ചു. നിലവില്‍ അജികുമാറിനെതിരെ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന് അടൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്‌.

ABOUT THE AUTHOR

...view details