പാലക്കാട്:വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ വനിതയടക്കം ആറ് പേര്‍ അറസ്റ്റില്‍. കാക്കനാട് സ്വദേശി ദേവു (24), ദേവുവിന്‍റെ ഭര്‍ത്താവ് ഗോകുൽ ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്‌ണു (20) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ വ്യവസായിയുമായി അടുത്ത യുവതി പാലക്കാട് യാക്കരയിലേക്ക് വിളിച്ച് വരുത്തി പണം, മൊബൈല്‍ ഫോണ്‍, നാല് പവന്‍ ആഭരണം എന്നിവ കൈക്കലാക്കുകയായിരുന്നു. കോട്ടയം സ്വദേശി ശരത്താണ് ആദ്യം ഇന്‍സ്റ്റഗ്രാമിലൂടെ വ്യവസായിയെ സ്‌ത്രീയെന്ന വ്യാജേന പരിചയപ്പെട്ടത്. ഇയാള്‍ വരുതിയിലായെന്ന് മനസിലാക്കിയ സംഘം തുടര്‍ന്ന് ദേവുവിനെ കൊണ്ട് ഇയാള്‍ക്ക് ശബ്‌ദ സന്ദേശം അയപ്പിച്ചു.
ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ രോഗിയായ അമ്മ മാത്രമാണെന്നുമാണ് യുവതി ഇയാളോട് പറഞ്ഞത്. വ്യവസായിയുമായി കൂടുതല്‍ അടുപ്പത്തിലായതിന് ശേഷം നേരില്‍ കാണാന്‍ താല്‍പര്യമുണ്ടെന്ന് യുവതി ഇയാളോട് പറഞ്ഞു. തുടര്‍ന്ന് യാക്കരയില്‍ വീട് വാടകക്കെടുത്ത് ഇയാളെ വിളിച്ച് വരുത്തുകയായിരുന്നു.
ഞായറാഴ്‌ച(28.08.2022) യാക്കരയിലെ വീട്ടിലെത്തിയ വ്യവസായിയെ സംഘം സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് കവര്‍ച്ച നടത്തുകയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കൊടുങ്ങല്ലൂരിലെ സംഘത്തിന്‍റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി കൂടുതല്‍ പണം തട്ടാനായിരുന്നു ശ്രമം. ഇതിനിടയില്‍ വ്യവസായി കാറില്‍ നിന്ന് ഓടി രക്ഷപ്പെടുകയും സൗത്ത് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.