മുംബൈ: തന്‍റെ മകള്‍ ശ്രദ്ധ വാക്കറുടെ കൊലപാതകത്തില്‍ പൊലീസ് അശ്രദ്ധ കാണിച്ചുവെന്ന് ആരോപിച്ച് പിതാവ് വികാസ് വാക്കര്‍ രംഗത്ത്. ശ്രദ്ധ വാക്കറുടെ മരണത്തിന് ശേഷം ഇന്ന് ആദ്യമായി മാധ്യമങ്ങളെ കാണവെയാണ് തന്‍റെ മകളുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തിയ വസായ് പൊലീസ് അശ്രദ്ധ കാണിച്ചുവെന്ന് വികാസ് വാക്കര്‍ ആരോപിച്ചത്. മഹാരാഷ്‌ട്ര പൊലീസ് തന്നെ സഹായിച്ചിരുന്നുവെങ്കില്‍ അവള്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പം ഉണ്ടായേനെ എന്നും അദ്ദേഹം പറഞ്ഞു.
മനഃപൂര്‍വമുള്ള അനാസ്ഥ: കേസ് അന്വേഷണത്തില്‍ വസായ് പൊലീസ് അശ്രദ്ധ കാണിച്ചു. നിലവില്‍ വസായ് പൊലീസും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തുന്ന അന്വേഷണം നല്ല രീതിയിലാണ് പോകുന്നത്. എന്നാല്‍ വസായ് പൊലീസും നലസോപാര പൊലീസും അന്വേഷണത്തില്‍ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും ഇത് യാദൃശ്ചികമല്ലെന്നും വികാസ് വാക്കര്‍ ആരോപിച്ചു. അതേസമയം ബിജെപി നേതാവ് കിരിത് സോമയയും മാധ്യമങ്ങളെ കാണുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
"എന്‍റെ മകള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. മാത്രമല്ല വസായ് പൊലീസില്‍ നിന്ന് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടു. എന്നാല്‍ ഡല്‍ഹി പൊലീസ് ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്" എന്നും വികാസ് വാക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ പ്രതിയായ അഫ്‌താബ് പൂനാവാലയ്‌ക്ക് വധശിക്ഷയും പ്രതിയുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും നേരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആപ്പുകള്‍ക്ക് നിയന്ത്രണം വേണം:ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പോരായ്‌മകളും ദൂശ്യവശങ്ങളും ചൂണ്ടിക്കാട്ടിയ അദ്ദേഹം അതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. 18 വയസിനു മുകളിൽ പ്രായമുള്ള കുട്ടികളെ ഒരു പരിധി വരെ നിയന്ത്രിക്കുകയും അവർക്ക് കൗൺസിലിങ് നൽകുകയും വേണമെന്നറിയിച്ച അദ്ദേഹം തനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മനസ്സുതുറന്നു.
പറഞ്ഞില്ല, ഒന്നും അറിഞ്ഞില്ല: കഴിഞ്ഞ രണ്ട് വര്‍ഷമായി അവള്‍ തന്നോട് ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അവള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും വികാസ് വാക്കര്‍ പറഞ്ഞു. 2021ല്‍ താന്‍ ശ്രദ്ധയുമായി സംസാരിച്ചിരുന്നു. അന്ന് അവള്‍ ബെംഗളൂരുവിലാണെന്നാണ് പറഞ്ഞത്. പിന്നീട് ഈ സെപ്‌റ്റംബര്‍ 26ന് അഫ്‌താബുമായും സംസാരിച്ചുവെന്നും എന്നാല്‍ അവളെക്കുറിച്ച് പറയാന്‍ അയാള്‍ തയ്യാറായില്ലെന്നും വികാസ് വാക്കര്‍ വ്യക്തമാക്കി.
കുടുംബത്തിന് അറിയാമായിരിക്കും:വാര്‍ത്താസമ്മേളനത്തില്‍ അഫ്‌താബിനും കുടുംബത്തിനുമെതിരെ പ്രതികരിക്കാനും അദ്ദേഹം മറന്നില്ല. ശ്രദ്ധയും അഫ്‌താബുമായുള്ള ബന്ധത്തില്‍ തനിക്ക് എതിര്‍പ്പായിരുന്നുവെന്ന് അറിയിച്ച വികാസ് വാക്കര്‍ അഫ്‌താബ് ശ്രദ്ധയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയത് സംബന്ധിച്ച് അറിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി. ഇതിനെക്കുറിച്ചെല്ലാം അഫ്‌താബിന്‍റെ കുടുംബത്തിന് അറിയുമെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശ്രദ്ധ കൊലക്കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന അഫ്‌താബ് പൂനാവാലയുടെ കസ്‌റ്റഡി കാലാവധി ഡല്‍ഹിയിലെ സാകേത് കോടതി 14 ദിവസം കൂടി നീട്ടി. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് അഫ്‌താബിനെ ഇന്ന് ഹാജരാക്കിയത്.