ന്യൂഡല്‍ഹി:ശ്രദ്ധ വാക്കര്‍ വധക്കേസ് പ്രതി അഫ്‌താബ് അമിന്‍ പൂനാവാലയുടെ നുണ പരിശോധനയ്ക്ക് അനുമതി തേടി ഡല്‍ഹി പൊലീസ് കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് അഫ്‌താബ് തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് പൊലീസ് കോടതിയെ സമീപിച്ചത്. പൊലീസ് സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്‌ച കോടതി പരിഗണിച്ചേക്കും.
വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സാകേത് കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അവിരാൾ ശുക്ല മജിസ്‌ട്രേറ്റ് വിജയശ്രീ റാത്തോഡിന് നിര്‍ദേശം നല്‍കി. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയ്‌ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഡല്‍ഹി പൊലീസ് അഫ്‌താബില്‍ നടത്താന്‍ ശ്രമിക്കുന്ന രണ്ടാമത്തെ ശാസ്‌ത്രീയ പരിശോധനയാണ് പോളിഗ്രാഫ്.
അതേസമയം അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അഫ്‌താബില്‍ നടത്താനിരുന്ന നാര്‍ക്കോ അനാലിസിസ് പരിശോധന തിങ്കളാഴ്‌ച നടത്തിയില്ലെന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എൽ) അസിസ്റ്റന്‍റ് ഡയറക്‌ടര്‍ സഞ്ജീവ് ഗുപ്‌ത പറഞ്ഞു. ഇതിനായി അന്വേഷണ സംഘം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെയാണ് പോളിഗ്രാഫ് നടത്തണമെന്ന ആവശ്യവുമായി സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.
കോടതിയുടെ അനുമതി ലഭിക്കുകയാണെങ്കില്‍ പ്രതിയെ പോളിഗ്രാഫിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും എഫ്എസ്എൽ അസിസ്റ്റന്‍റ് ഡയറക്‌ടര്‍ കൂടിയായ പുനീത് പുരി പറഞ്ഞു. പ്രതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയതിന് ശേഷം മാത്രമെ നുണ പരിശോധനയ്ക്ക് വിധേയനാക്കുകയുള്ളൂവെന്നും പുനീത് പുരി കൂട്ടിച്ചേർത്തു.