തിരുവനന്തപുരം : പത്തുവയസുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ ഡെപ്യൂട്ടി തഹസിൽദാർക്ക് വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 16,50,000 രൂപ പിഴയും. പിഴത്തുക കുട്ടിക്ക് നഷ്‌ട പരിഹാരമായി നൽകണം. ഒടുക്കിയില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്‌ജി കെവി രജനീഷാണ് വിധി പുറപ്പെടുവിച്ചത്.
2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. ഉറങ്ങുമ്പോള്‍ ഇയാള്‍ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി പിന്നോക്കം പോവുകയും ക്ലാസിൽ മൂകയാവുകയും ചെയ്‌തതോടെ ക്ലാസ് ടീച്ചർ സ്വകാര്യമായി കാര്യങ്ങൾ അന്വേഷിച്ചു.
Also read: ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്‌ത് യുവാവ് ; ക്രൂരകൃത്യം നടത്തിയത് എതിരാളികളെ കുടുക്കാന്‍
ഇതോടെ കുട്ടി പിതാവിൽ നിന്ന് നേരിട്ട ശാരീരിക ഉപദ്രവങ്ങൾ വെളിപ്പെടുത്തി. ക്ലാസ് ടീച്ചർ ഹെഡ്‌മിസ്ട്രസിന്‍റെയും സ്‌കൂൾ കൗൺസിലറുടെയും ശ്രദ്ധയിൽ പീഡനവിവരം കൊണ്ടുവന്നതോടെ പാങ്ങോട് പൊലീസ് കേസെടുത്തു.
കേസിൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. നിയമപരമായി കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നത് അതി ഗുരുതര കുറ്റകൃത്യം ആണെന്ന് കോടതി നിരീക്ഷിച്ചു. പ്രതി യാതൊരു വിധ ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി കുട്ടിക്ക് നിയമപരമായ നഷ്‌ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്‌തു.