തിരുവനന്തപുരം:തനിക്കു നേരെ ആക്രമണമുണ്ടായി നാലു ദിവസം പിന്നിട്ടിട്ടും മ്യൂസിയം പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന കുറ്റപ്പെടുത്തലുമായി പ്രഭാത നടത്തത്തിനിടെ ലൈംഗികാതിക്രമം നേരിട്ട യുവതി. ആക്രമണമുണ്ടായി നാലു ദിവസമായിട്ടും മ്യൂസിയം പൊലീസില്‍ നിന്ന് എന്തെങ്കിലും വിവരം ലഭിക്കുകയോ എന്തെങ്കിലും വിവരം അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും യുവതി കുറ്റപ്പെടുത്തി. പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും യുവതി ഇടിവി ഭാരതിനോട് പ്രതികരിച്ചു.
'പൊലീസിന്‍റെ പണി കൂടി ചെയ്‌തു, എന്നിട്ടും നീതി കിട്ടിയില്ല'; പ്രഭാത നടത്തത്തിനിടെ ലൈംഗികാതിക്രമം നേരിട്ട യുവതി ഇടിവി ഭാരതിനോട് പരാതിയുമായി സമീപിച്ചത് മുതല്‍ ഇതുവരെയും മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നിന്ന് നീതി കിട്ടിയിട്ടില്ല. തിരുവനന്തപുരം ഡിസിപി ഇടപെട്ട ശേഷം മാത്രമാണ് എഫ്ഐആറില്‍ ജാമ്യമില്ല വകുപ്പ് ചേര്‍ത്തത്. മ്യൂസിയം പരിസരത്ത് എവിടെയൊക്കെ സിസിടിവി ക്യാമറകളുണ്ടെന്ന് ചിത്രം സഹിതം മ്യൂസിയം പൊലീസിന് അയച്ചു കൊടുത്തുവെന്നും കടകളില്‍ താന്‍ തന്നെ കയറിയിറങ്ങി സിസിടിവിയുണ്ടോ എന്ന് കണ്ടെത്തി ആ വിവരവും പൊലീസിനെ അറിയിച്ചുവെന്നും യുവതി പറഞ്ഞു. നിലവില്‍ വിളിച്ചാല്‍ എസ്ഐ ഫോണ്‍ പോലും എടുക്കാറില്ലെന്നും യുവതി പ്രതികരിച്ചു.
സംഭവത്തിനു ശേഷം രാവിലെ നാലു മണിക്കുള്ള നടത്തം നിര്‍ത്തി. ഇപ്പോള്‍ പുലര്‍ച്ചെ നാലുമണിക്കിറങ്ങി പ്രതി അവിടെ എത്തുന്നുണ്ടോ എന്നു കണ്ടെത്തുന്ന ജോലി സ്വയം ഏറ്റെടുത്തിരിക്കുകയാണ്. സിസിടിവി വീഡിയോ ശേഖരിച്ച് പൊലീസിന് അയച്ചു കൊടുക്കും. മാസവസാനമായത് കൊണ്ട് ദൃശ്യങ്ങള്‍ മാഞ്ഞു പോകാന്‍ സാധ്യതയുണ്ടെന്നും എന്തുവന്നാലും പിന്‍മാറാന്‍ തയ്യാറല്ലെന്നും യുവതി പറഞ്ഞു.
പൊലീസ് പുറത്തുവിട്ട പ്രതിയുടെ രേഖാചിത്രം മാനസികമായും ശാരീരികമായും പീഢനമനുഭവിച്ചത് താനാണല്ലോ. അഭിഭാഷകയുമായി സംസാരിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യുവതി പ്രതികരിച്ചു. നിലവില്‍ സ്‌ത്രീകള്‍ തന്നെ അവരുടെ സുരക്ഷ സ്വയം ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. പൊലീസ് അതു ചെയ്തുതരും എന്ന വിശ്വാസമായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ പൊലീസില്‍ വിശ്വാസമില്ല.
ഇനി ഒരാള്‍ക്കും ഇതുണ്ടാകാന്‍ പാടില്ലെന്നും നീതി കിട്ടും വരെ മുന്നോട്ടു പോകുമെന്നും യുവതി അറിയിച്ചു. ഇത് ഇന്നത്തെ സ്ത്രീകള്‍ക്കു വേണ്ടി മാത്രമല്ലെന്നും അടുത്ത തലമുറയ്ക്കു വേണ്ടി കൂടിയാണെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.