കോഴിക്കോട്:ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് തള്ളി എസ്‌സി എസ്‌ടി കമ്മിഷൻ. മരണത്തിന് പിന്നാലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താതിരുന്നത് വീഴ്‌ചയെന്നും പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി പറഞ്ഞു. സംഭവത്തില്‍ എസ്‌സി എസ്‌ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തത് ശരിയല്ലെന്നും കമ്മിഷന്‍റെ ഉത്തരവില്‍ വിമര്‍ശനമുണ്ട്. വിശ്വനാഥന്‍റെ മരണത്തെക്കുറിച്ച് പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കൈപ്പറ്റി പരിശോധിച്ചതിന് പിന്നാലെയാണ് കമ്മിഷന്‍റെ പ്രതികരണം. പുതിയ വകുപ്പുകള്‍ കൂടി ചുമത്തി കേസെടുത്തതിന്‍റെ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കറുത്ത നിറത്തോടും മുഷിഞ്ഞ വസ്ത്രത്തോടും ചിലർ കാണിക്കുന്ന സമീപനത്തിൽ മാറ്റം വരണം. കാത്തിരുന്നു കിട്ടിയ കുഞ്ഞിനെ താലോലിക്കുന്നതിന് പകരം വിശ്വനാഥൻ പോയി ആത്മഹത്യ ചെയ്‌തിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടാകും. അത് കണ്ടെത്തേണ്ടത് പൊലീസിന്‍റെ ചുമതലയാണ്.