കോട്ടയം:വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഭീഷണിപ്പെടുത്തുകയും വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. കല്ലറ പെരുംതുരുത്ത് ചൂരക്കാട്ട് മ്യാലില്‍ വീട്ടിൽ സദാശിവൻ മകൻ സിജിത്ത് കുമാർ (42) നെയാണ് കടുത്തുരുത്തി പൊലീസ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞദിവസം പകൽ സമയത്ത് ഇയാള്‍ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് വീട്ടുപകരണങ്ങൾ അടിച്ചു തകര്‍ക്കുകയുമായിരുന്നു.
യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കലും; ബന്ധു അറസ്‌റ്റില്‍ - പൊലീസ്
കുടുംബവഴക്കിനെത്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ഭീഷണിപ്പെടുത്തുകയും വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ സഹോദരി ഭര്‍ത്താവ് അറസ്‌റ്റില്‍
സംഭവത്തെ തുടർന്ന് യുവതി അടുക്കളയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ അടുക്കളയിൽ ചെന്ന് ഗ്യാസ് സ്‌റ്റൗവിന്റെ ട്യൂബ് വലിച്ചൂരിയ ശേഷം സ്‌റ്റൗ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. യുവതിയുടെ സഹോദരീ ഭർത്താവായ ഇയാളും യുവതിയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ഇതെത്തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലള്ള അന്വേഷണസംഘം പെരുംതുരുത്തിൽ നിന്നും പിടികൂടുകയായിരുന്നു. കടുത്തുരുത്തി സ്‌റ്റേഷൻ എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ ഹരികുമാർ, എഎസ്ഐ റെജിമോന്‍ സി.ടി, സിപിഒമാരായ സജി കെ.കെ, പ്രവീൺ എ.കെ, മനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.