മലപ്പുറം: പെരിന്തൽമണ്ണയിൽ 35 ലക്ഷം രൂപയുടെ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. അബ്ബാസ് ജ്ഞാന ദേവ പവാർ, അമോൾ എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ സി ഐ സജിൻ ശശിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.
മലപ്പുറത്ത് കുഴൽപണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ - കുഴൽപ്പണം
35 ലക്ഷം രൂപയുടെ കുഴൽപണവുമായി ഇവരെ പെരിന്തൽമണ്ണ പൊലീസാണ് പിടികൂടിയത്
ഇവർ സഞ്ചരിച്ചിരുന്ന കാറിന്‍റെ രഹസ്യഅറയിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 2000 രൂപയുടെയും 500രൂപ യുടെയും നോട്ടുകെട്ടുകളായിട്ടാണ് പണം കൊണ്ടുവന്നത്. രണ്ട് മൊബൈൽ ഫോണും ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്‌റ്റഡിയിലെടുത്തു. പിടികൂടിയ രണ്ടുപേരും മലപ്പുറം ജില്ലയിലും പാലക്കാട് ജില്ലയിലുമായി സ്ഥിര താമസം ആക്കിയവരാണെന്ന് പൊലീസ് അറിയിച്ചു. ഇവർ സ്ഥിരമായി കുഴൽ പണമിടപാട് നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു,
പണം ജില്ലയുടെ പല ഭാഗത്തായി വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് അന്തർദേശീയ പണമിടപാട് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പെരിന്തൽമണ്ണ സി.ഐ സജീൻ ശശി അറിയിച്ചു.