ട്രക്ക് ഡ്രൈവര്‍ കാറിനെ വലിച്ചിഴച്ചു മീററ്റ് (ഉത്തര്‍ പ്രദേശ്):വാഹനങ്ങള്‍ തമ്മിലുള്ള സാഹസിക പ്രകടനങ്ങള്‍ നമുക്ക് പരിചിതമായത് ഫാസ്‌റ്റ് ആൻഡ് ഫ്യൂരിയസ് പോലെ ഏറെ ആരാധകരുള്ള ഹോളിവുഡ് ചിത്രങ്ങളിലൂടെയാകും. എന്നാല്‍ സിനിമയെ വെല്ലുന്ന അപകടകരമായ വാഹനാഭ്യാസ പ്രകടനമാണ് ഇന്നലെ രാത്രി ഉത്തര്‍പ്രദേശിലെ മീററ്റിലെ പർതാപൂർ പ്രദേശത്ത് അരങ്ങേറിയത്. അതിവേഗം പാഞ്ഞെത്തിയ ട്രക്ക് മുന്‍വശത്ത് ഒരു കാറിനെയും വലിച്ചിഴച്ച് ഏകദേശം രണ്ട് കിലോമീറ്ററാണ് അഭ്യാസപ്രകടനം നടത്തിയത്.
കണ്ണില്‍ കണ്ടതെല്ലാം വലിച്ചിഴച്ച്:കാറിനെ വലിച്ചിഴച്ച് വന്ന ട്രക്ക് ഒടുവില്‍ ഒരു തൂണിലിടിച്ചാണ് നിന്നത്. ഇത്രയും ദൂരം വലിച്ചിഴയ്‌ക്കപ്പെട്ടതുകൊണ്ടുതന്നെ കാറിന്‍റെ ചക്രങ്ങളെല്ലാം തന്നെ ഉരഞ്ഞുതീര്‍ന്നിരുന്നു. കാറിലുണ്ടായിരുന്നവര്‍ പാർതാപൂർ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ട്രക്ക് പിടിച്ചെടുത്തു. എന്നാല്‍ ട്രക്ക് ഡ്രൈവര്‍ ഒളിവിലാണ്. അതേസമയം കാറിനെ വലിച്ചിഴച്ച് ട്രക്ക് വരുന്നതായുള്ള വീഡിയോ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മരണം മുന്നില്‍ക്കണ്ട്:ഒരു ട്രക്ക് വഴിയിലുള്ള വാഹനങ്ങളെയെല്ലാം വലിച്ചിഴച്ച് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അത് തടയാവുന്ന അവസ്ഥയിലായിരുന്നില്ല. ട്രക്ക് ഞങ്ങളുടെ കാറിനെ രണ്ട് കിലോമീറ്ററെങ്കിലും വലിച്ചിഴച്ചുകാണുമെന്നും വല്ല വിധേനയുമാണ് വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെട്ടതെന്നും സംഭവത്തിന്‍റെ ദൃക്‌സാക്ഷി കൂടിയായ കാര്‍ യാത്രികന്‍ രാജേഷ് പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ട്രക്ക് കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ് അങ്കക്കളമായപ്പോള്‍:അപകടകരമായ രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ചു വന്ന ട്രക്ക് ഡ്രൈവറോട് നിര്‍ത്താനാവശ്യപ്പെട്ട് കാര്‍ ഉടമ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. എന്നാല്‍ ഈ സമയത്ത് ട്രക്ക് കാറുമായി നീങ്ങിയതോടെ വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേരും ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നോക്കി നില്‍ക്കെ റിഥാനി പിറിൽ നിന്ന് നഗരത്തിലെ സംഘം പ്രദേശം വരെ ട്രക്ക് കാറിനെ വലിച്ചിഴച്ചുവെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. എന്നാല്‍ സമയോചിതമായി രക്ഷപ്പെട്ടതോടെ കാര്‍ ഉടമ ഉള്‍പ്പടെ നാല് യാത്രക്കാരും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
സംഭവം ഇങ്ങനെ:റിഥാനി ട്രാഫിക് ഇന്‍റർസെക്ഷനിൽ വച്ച് യു ടേൺ എടുക്കുന്നതിനിടെയാണ് ട്രക്ക് തന്‍റെ വാഹനത്തിലിടിച്ചതെന്ന് കാറുടമയായ അനില്‍ പറഞ്ഞു. ഇത് ചോദിക്കാനായി കാറില്‍ പുറത്തിറങ്ങിയ തന്‍റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാതെ ട്രക്ക് ഡ്രൈവര്‍ കാറിനെ വലിച്ചിഴയ്‌ക്കുകയായിരുന്നുവെന്നും വാഹനത്തിലുണ്ടായിരുന്ന തന്‍റെ സുഹൃത്തുക്കള്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവത്തിന് പിന്നിലുള്ള കാരണമെന്തെന്ന് മനസിലാകാതെ ട്രക്ക് ഡ്രൈവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.