ടോങ്ക് (രാജസ്ഥാന്‍) : പ്രണയിച്ചതിനും ഒരുമിച്ച് താമസിച്ചതിനും യുവാവിനെ ക്രൂരമായി മര്‍ദിച്ചും മൂത്രം കുടിപ്പിച്ചും യുവതിയുടെ ബന്ധുക്കള്‍. രാജസ്ഥാനിലെ ടോങ്കിലാണ് 21കാരിയുമായി പ്രണയത്തിലായി ഒരുമിച്ച് താമസിച്ചതിന് മുണ്ഡിയ കല ഗ്രാമത്തിലെ യുവാവിനെ താലിബാന്‍ മോഡല്‍ ആക്രമണത്തിന് ഇരയാക്കിയത്. യുവാവിന്‍റെ സഹോദരിക്കുനേരെയും സംഘം ആക്രമണം അഴിച്ചുവിട്ടു.
യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളുമായ എട്ടുപേര്‍ക്കെതിരെ സംഭവത്തില്‍ യുവാവ് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളായ ഏഴുപേരുമായി ബന്ധപ്പെട്ടുവെന്നും മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയെന്നും പ്രദേശത്തെ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഭഗീരഥ് സിങ് അറിയിച്ചു. യുവതിയുടെ അച്ഛന്‍ നവ്‌രതന്‍ ലാല്‍, അമ്മ, സഹോദരന്‍ ശങ്കര്‍, സഹോദരി സാവിത്രി, മറ്റൊരു സഹോദരി സാന്ദ്ര, സഹോദരീഭര്‍ത്താവ് പരസ്, അദ്ദേഹത്തിന്‍റെ സഹോദരന്‍ ഹേമ്‌രാജ് എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 342, 354, 500 വകുപ്പുകള്‍ ചുമത്തിയതായും എസ്‌എച്ച്ഒ വ്യക്തമാക്കി. യുവാവിന്‍റെ സഹോദരിയോട് മോശമായി പെരുമാറിയതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരിട്ടത് പൈശാചിക പീഡനം :നവംബര്‍ ഏഴിന് വൈകുന്നേരമാണ് സംഭവം. ഗ്രാമസഭ കൂടിയ ശേഷമാണ് മോഗ്യ സമൂഹത്തിലെ പഞ്ച് പട്ടേല്‍ വിഭാഗത്തില്‍പ്പെട്ട യുവതിയുടെ ബന്ധുക്കള്‍ മുണ്ഡിയ കല നിവാസിയായ യുവാവിനെ ചെരിപ്പ് കൊണ്ട് തല്ലി അവശനാക്കിയത്. തുടര്‍ന്ന് യുവാവിനെയും സഹോദരനെയും ചെരിപ്പ് മാലയിട്ട് നടത്തിച്ച ശേഷം സംഘം കൈയ്യില്‍ കരുതിയ മൂത്രം ഇയാളെ ബലം പ്രയോഗിച്ച് കുടിപ്പിക്കുകയായിരുന്നു.