ചെന്നൈ :തമിഴ്‌നാട് വെല്ലൂരിലെ സിഎംസി മെഡിക്കല്‍ കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായ റാഗിങ്. ഏഴ് സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്‌തു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ അര്‍ധ നഗ്‌നരാക്കി കോളജ് മൈതാനത്തിലൂടെ നടത്തിയായിരുന്നു മര്‍ദനം.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടതോടെയാണ് കോളജ് അധികൃതര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിക്കൊരുങ്ങിയത്. അര്‍ധ നഗ്‌നരായി മെതാനത്തിലൂടെ നടക്കുന്നതിനിടെ നിലത്ത് കെട്ടിക്കിടക്കുന്ന ചെളി വെള്ളത്തില്‍ കിടക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നടത്തത്തിനിടെ വലിയ പൈപ്പ് കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് മേല്‍ വെള്ളം ചീറ്റിക്കുന്നുമുണ്ട്.
സിഎംസി മെഡിക്കല്‍ കോളജിലെ ക്രൂര റാഗിങ് രംഗങ്ങള്‍ തങ്ങളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഉപദ്രവിച്ച വിവരം വിദ്യാര്‍ഥികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഹോസ്‌റ്റല്‍ വാര്‍ഡന്‍റെയും അസിസ്റ്റന്‍റ് വാര്‍ഡന്‍റയും അനുമതിയോടെയാണ് റാഗിങ്ങെന്നും ആരോപണമുണ്ട്.
വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡി.ആര്‍ സോളമന്‍ സതീഷ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കോളജില്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പരാതി ഡൽഹി റാഗിങ് വിരുദ്ധ യൂണിറ്റിന് അയച്ചതായി തമിഴ്‌നാട് എംജിആർ മെഡിക്കൽ സർവകലാശാല അറിയിച്ചു.
സംഭവത്തിൽ ബന്ധമുള്ളവരെ കഠിനമായി ശിക്ഷിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ടാഗ് ചെയ്‌ത് കൊണ്ട് ഡൽഹി എയിംസ് മെഡിക്കൽ കോളേജിലെ ഡോക്‌ടര്‍ കാർത്തിക് ട്വീറ്റ് ചെയ്‌തു.