പത്തനംതിട്ട:കോഴഞ്ചേരി വാര്യാപുരത്ത് ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരനായ മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ നാല് പേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തു. ഇലന്തൂര്‍ ചായപുന്നക്കല്‍ വീട്ടില്‍ രാഹുല്‍ കൃഷ്‌ണന്‍, ചായപുന്നക്കല്‍ വീട്ടില്‍ നൂര്‍ കരിം ഷേഖ്, മെഴുവേലി വെള്ളിക്കര വീട്ടില്‍ ജിത്ത് ജോണ്‍ ജോസഫ്, മെഴുവേലി ശ്രീകൃഷ്ണപുരം വീട്ടില്‍ ശിവവരദന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇലന്തൂര്‍ സ്വദേശി സുദര്‍ശനനെ(57) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഭര്‍ത്താവിന് മദ്യപിക്കാൻ ഒത്താശ ചെയ്തയാളെ വധിക്കാൻ ക്വട്ടേഷൻ: 4 പേര്‍ പിടിയില്‍
ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മയും ഭര്‍ത്താവും ഒളിവില്‍
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഫര്‍ണിച്ചര്‍ കടയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയാണ് ക്വട്ടേഷന്‍ സംഘത്തെ അയച്ചത്. സംഭവം നടക്കുമ്പോള്‍ ഇവരും ഭര്‍ത്താവും സ്ഥലത്തുണ്ടായിരുന്നു.
ഭര്‍ത്താവിന് മദ്യപിക്കാന്‍ ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് വീട്ടമ്മയും ഫര്‍ണിച്ചര്‍ കടക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. വീട്ടമ്മ ഈ കേസില്‍ ഒന്നാം പ്രതിയും ഭര്‍ത്താവ് രണ്ടാം പ്രതിയുമാണ്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദേശാനുസരണം ഡിവൈഎസ്‌പി എസ് നന്ദകുമാറിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജിബു ജോണ്‍, സബ് ഇന്‍സ്‌പെക്‌ടര്‍മാരായ വിഷ്‌ണു, ഷൈജു, സി പി ഒ. രതീഷ്, ഷാനവാസ് സനല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.