ചെന്നൈ: കട ഉടമയുടെ ബാങ്ക് അക്കൗണ്ടിന്‍റെ ക്യുആർ കോഡ് മാറ്റി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തൊറൈപ്പാക്കത്താണ് സംഭവം. തൊറൈപ്പാക്കത്ത് ടിഫിൻ കട നടത്തുന്ന ആനന്ദ് എന്നയാൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
കടകളില്‍ സ്വന്തം ക്യുആർ കോഡ് ഒട്ടിച്ച് തട്ടിപ്പ്: ഒരാൾ പിടിയില്‍
കണ്ണകി നഗറിലുള്ള ശ്രീധർ (21) എന്നയാൾ പൊലീസുകാരൻ എന്ന വ്യാജേനെ കടകളില്‍ കയറി സ്വന്തം ക്യുആർ കോഡ് ഉടമസ്‌ഥന്‍റെ ക്യുആർ കോഡിന് മുകളിൽ ഒട്ടിക്കുകയായിരുന്നു.
ആനന്ദിന്‍റെ കടയിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഒട്ടിച്ചിട്ടുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് ഉപഭോക്താക്കൾ അയക്കുന്ന പണം തന്‍റെ അക്കൗണ്ടിൽ എത്തുന്നില്ലെന്ന് മനസിലാക്കി കണ്ണകി നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ണകി നഗറിലുള്ള ശ്രീധർ (21) എന്നയാൾ പൊലീസുകാരൻ എന്ന വ്യാജേനെ കടകളില്‍ കയറി സ്വന്തം ക്യുആർ കോഡ് ഉടമസ്‌ഥന്‍റെ ക്യുആർ കോഡിന് മുകളിൽ ഒട്ടിക്കുകയായിരുന്നു.
പൊലീസ് ശ്രീധറിന്‍റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. പണം ഇയാളുടെ ബാങ്ക് അക്കൗണ്ടിലെക്കാണ് പോകുന്നത് എന്ന് മനസിലാക്കിയ പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ ചെന്നൈ പൊലീസിൽ കോൺസ്‌റ്റബിൾ ആണെന്ന പേരിൽ വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. 15 ദിവസത്തിൽ ഏഴ് കടകളിലാണ് ഇയാൾ കട ഉടമ അറിയാതെ ക്യുആർ കോഡ് മാറ്റി തട്ടിപ്പ് നടത്തിയത്.