മലപ്പുറം :ഷാബ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് നിയമ സഹായം നല്‍കിയ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ പൊലീസ് പരിശോധന. റിട്ടയേഡ് എസ് ഐ സുന്ദരന്‍ സുകുമാരനാണ് പ്രതിയ്ക്ക് നിയമസഹായം നല്‍കിയത്. സുകുമാരന്‍റെ വയനാട് കേണിച്ചിറ കോളേരിയിലുള്ള വീട്ടിലാണ് നിലമ്പൂര്‍ പൊലീസ് പരിശോധന നടത്തിയത്.
മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് നിയമ സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നത് സുന്ദരന്‍ സുകുമാരനാണെന്ന് കേസില്‍ അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുന്ദരന്‍ സുകുമാരനോട് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്നറിയിച്ച് പൊലീസ് നോട്ടിസ് നല്‍കി. ഇതിനുപിന്നാലെ സുന്ദരന്‍ സുകുമാരന്‍ ഒളിവില്‍ പോകുകയായിരുന്നു.
also read: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡികെ ശിവകുമാറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഷൈബിന്‍ അഷ്‌റഫും സുന്ദരന്‍ സുകുമാരനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇതിന്‍റെ രേഖകളും പൊലീസ് തേടുന്നുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഇയാളുടെ സ്വകാര്യ ഡയറി കണ്ടെടുത്തു.
ഷൈബിന്‍ അഷ്‌റഫുമായി സുന്ദരന്‍ സുകുമാരന്‍ വിദേശ യാത്രകള്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി. സുന്ദരന്‍ സുകുമാരന്‍ സര്‍വീസിലിരിക്കുന്ന സമയത്ത് അവധിയെടുത്താണ് യാത്രകള്‍ നടത്തിയിരുന്നത്. യാത്രയുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.