തിരുവനന്തപുരം:വസ്‌തുതർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിലെ ഡ്രൈവറെ ആക്രമിച്ച കേസിൽ സഹോദരങ്ങൾക്ക് ഉപാധികളോടെ ജാമ്യമനുവദിച്ചു. വിഴിഞ്ഞം നെല്ലിവിള പ്ലാവില വീട്ടിൽ അജിത്.വി, നിശാന്ത് എന്നീ സഹോദരങ്ങളായ പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപയോ, അല്ലെങ്കിൽ തുകയ്ക്ക് തത്തുല്യമായ ആൾ ജാമ്യമോ കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണ് തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതി ഉത്തരവിട്ടത്.
ഇക്കഴിഞ്ഞ മാർച്ച് 7 ന് ഉച്ചയ്ക്ക് 2 മണിക്കാണ് കേസിനാസ്‌പദമായ സംഭവം. വീട്ടുവളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റി നൽകണമെന്ന് വയോധിക നൽകിയ പരാതിയിൽ അന്വേഷണത്തിനായാണ് പൊലീസ് പ്രതികളുടെ വീട്ടിലെത്തിയത്. അന്വേഷണ സംഘത്തിലെ പൊലീസ് ഡ്രൈവറെയാണ് സഹോദരങ്ങൾ ആക്രമിച്ചത്.