കൊല്ലം: കടയ്‌ക്കല്‍ ബസ് സ്‌റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്‌തിരുന്ന ഇരുചക്രവാഹനം മോഷ്‌ടിച്ച പ്രതി പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് സൈക്കിള്‍ മെക്കാനിക്കായ കാവനാട് സ്വദേശി അരുണിനെ (30) പൊലീസ് അറസ്റ്റ് ചെയ്‌തു. സിസടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.
കടയ്‌ക്കല്‍ ബസ് സ്‌റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്‌തിരുന്ന ഇരുചക്രവാഹനം മോഷ്‌ടിച്ച പ്രതിയെ പൊലീസ് പിടികൂടി ടെക്‌സ്റ്റൈല്‍സ് ജീവനക്കാരനായ ഐരക്കുഴി സ്വദേശി ബിജുവിന്‍റെ ബൈക്കാണ് മോഷണം പോയത്. ജോലി കഴിഞ്ഞ് മടങ്ങവെയാണ് വാഹനം നഷ്‌ടമായ വിവരം ഉടമ അറിയുന്നത്. ഉടന്‍തന്നെ ബിജു കടയ്‌ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ പരിശോധന. ബൈക്ക് കരുകോണില്‍ എത്തിക്കുന്നത് വരെയുള്ള ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ സിഐ പി എസ് രാകേഷ്, എസ്ഐ അജുകുമാര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ വാടകവീട്ടില്‍ നിന്നാണ് പ്രതിയായ അരുണിനെ പിടികൂടിയത്.
കൊല്ലം സ്വദേശിക്ക് രണ്ടായിരം രൂപയ്ക്ക് വിറ്റ ബൈക്ക് അന്വേഷണസംഘം കണ്ടെടുത്തു. കൊല്ലം ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി അടിപിടി കേസുകളിലും പ്രതിയാണ് പിടിയിലായ അരുണ്‍. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.