മൈസൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ മുരുക മഠാധിപതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മഠം സ്കൂളിലെ പാചക തൊഴിലാളിയാണ് തന്‍റെ മകളെ സ്വാമി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കേസ് നല്‍കിയത്. രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ശിവമൂര്‍ത്തി മുരുക ശരണരുവിനെതിരെയാണ് വീണ്ടും കേസ്.
ചിത്രദുര്‍ഗ മുരുക മഠാധിപതിക്കെതിരെ വീണ്ടും പീഡന പരാതി: പോക്സോ ചുമത്തി പൊലീസ്
മഠം സ്കൂളിലെ പാചക തൊഴിലാളിയാണ് തന്‍റെ മകളെ സ്വാമി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കേസ് നല്‍കിയത്
മഠാധിപതി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് പൊലീസ് പോക്‌സോ ചുമത്തിയിരിക്കുന്നത്. മഠത്തിലെ താമസക്കാരികളായ വിദ്യാർഥിനികളെയാണ് മഠാധിപതി പീഡിപ്പിച്ചതെന്നാണ് നേരത്തെയുള്ള കേസ്. മൈസൂരില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എന്‍ ജി ഒയില്‍ അഭയം തേടിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികള്‍ നേരത്തെ മഠത്തില്‍ നേരിട്ട പീഡനവിവരം പുറത്ത് പറഞ്ഞത്. മൈസൂരു ജില്ല ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കി. ഹോസ്റ്റല്‍ വാര്‍ഡന്റെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയാണ് മുരുക ശരണരുവ പീഡിപ്പിച്ചതെന്നാണ് കുട്ടികളുടെ മൊഴി.
മഠത്തിന് കീഴിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 15ഉം 16ഉം വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. ഒരു പെൺകുട്ടിയെ മൂന്നര വർഷത്തോളവും മറ്റൊരു പെൺകുട്ടിയെ ഒന്നര വർഷത്തോളവും പീഡിപ്പിച്ചതായാണ് മൊഴി. മഠാധിപതിക്ക് പുറമെ, മഠത്തിലെ റസിഡൻഷ്യൽ ഹോസ്റ്റലിലെ വാർഡൻ രശ്മി, ജൂനിയർ പുരോഹിതൻ ബസവാദിത്യ, അഭിഭാഷകൻ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവർക്കെതിരെയാണ് കേസ്.