കണ്ണൂര്‍:പൊലീസ് ക്വാട്ടേഴ്സിനരികിൽ നിന്നും സ്‌കൂട്ടര്‍ മോഷ്‌ടിച്ച യുവാവ് അറസ്‌റ്റിൽ. ഓലയമ്പാടി എടയന്നൂർ റോഡിലെ ഫൈസൽ എം.കെയാണ് പയ്യന്നൂർ പൊലീസ് പിടിയിലായത്. പീഡനക്കേസിലും കഞ്ചാവ് കേസിലും പ്രതിയായ ഫൈസൽ രണ്ട് മാസം മുൻപാണ് പയ്യന്നൂർ പൊലീസ് ക്വാട്ടേഴ്സിന്‍റെ മതിലിന് പുറത്ത് പാർക്ക് ചെയ്ത KL 86 A 5144 നമ്പർ ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടർ മോഷ്‌ടിച്ച് കടന്നുകളഞ്ഞത്.
പൊലീസ് ക്വാര്‍ട്ടേഴ്‌സിനരികില്‍ നിന്ന് സ്‌കൂട്ടര്‍ മോഷണം; യുവാവ് പിടിയിലായത് വാഹന പരിശോധനക്കിടെ - യുവാവ്
പയ്യന്നൂര്‍ പൊലീസ് ക്വാട്ടേഴ്സിനരികിൽ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്‌ടിച്ച യുവാവ് പെരിങ്ങോം പൊലീസിന്‍റെ വാഹന പരിശോധനക്കിടെ പിടിയില്‍, പ്രതിക്കെതിരെ പീഡനക്കേസും ലഹരി കേസും നിലവിലുണ്ട്
അന്നൂർ കാറമേൽ സ്വദേശിയായ പിഗ്‌മി കലക്ഷൻ ഏജന്‍റ് ഷീബയുടേതായിരുന്നു സ്കൂട്ടർ. ഈ കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പയ്യന്നൂർ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതി സ്കൂട്ടറുമായി പെരിങ്ങോം പൊലീസിന്‍റെ വാഹന പരിശോധനയിൽ കുരുങ്ങിയത്. സ്കൂട്ടർ കസ്‌റ്റഡിയിലെടുത്ത് രേഖകൾ ഹാജരാക്കാൻ പെരിങ്ങോം പൊലീസ് നിർദേശിച്ചുവെങ്കിലും ഫൈസൽ രേഖകൾ ഹാജരാക്കിയില്ല. തുടർന്ന് പയ്യന്നൂർ പൊലീസ് സ്കൂട്ടർ തിരിച്ചറിയുകയും പ്രതിയെ പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തുവച്ച് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
പ്രതിക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരിയാരം പൊലീസ് സ്‌റ്റേഷനിലും കഞ്ചാവ് കൈവശം വച്ചതിന് പയ്യന്നൂർ സ്‌റ്റേഷനിലും കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. എസ്ഐ കെ.വി മുരളി, ജിഎസ്‌ഐ അബ്ദുൽ റൗഫ്, എഎസ്ഐ പവിത്രൻ, ജോസ്ലിൻ, നവീൻ എന്നിവരാണ് പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.