കേരളം

kerala

ETV Bharat / crime

'കൊല്ലാനാണ് അയാള്‍ വന്നത്, ഇനി ജീവിതം മകനുവേണ്ടി' ; ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ കൈകള്‍ അറ്റുതൂങ്ങിയ വിദ്യ പറയുന്നു - വിവാഹം

പത്തനംതിട്ട കലഞ്ഞൂരിലെ വീട്ടിൽ കയറി ഭര്‍ത്താവ് തന്നെയും പിതാവിനെയും വെട്ടിപരിപ്പരിക്കേല്‍പ്പിച്ച സംഭവം ഓര്‍ത്തെടുത്ത് വിദ്യ

Husband cuts of the hand of Wife  Pathanamthitta  Kalanjoor  severly injured by the attack of her husband  wants to live happily with son  ഭര്‍ത്താവിന്‍റെ പീഡനത്തില്‍  കൈകള്‍ അറ്റുപോയ വിദ്യ  വിദ്യക്ക് ഇനി പ്രതീക്ഷ തന്‍റെ കുഞ്ഞ്  പത്തനംതിട്ട  കലഞ്ഞൂരിലെ  ഭാര്യ  ഭാര്യയെയും ഭാര്യപിതാവിനെയും  ഭർത്താവ് സന്തോഷ്‌  സന്തോഷ്‌  വിവാഹം  വിദ്യ
ജീവിതം 'ഇവനുവേണ്ടി': ഭര്‍ത്താവിന്‍റെ പീഡനത്തില്‍ കൈകള്‍ അറ്റുപോയ വിദ്യക്ക് ഇനി പ്രതീക്ഷ തന്‍റെ കുഞ്ഞ്

By

Published : Oct 6, 2022, 9:26 PM IST

പത്തനംതിട്ട : 'എന്നെ ഇല്ലാതാക്കാൻ തന്നെയായിരുന്നു അയാളുടെ വരവ്. ആദ്യ വെട്ട് തടഞ്ഞപ്പോൾ കൈ അറ്റുതൂങ്ങിയത് പോലും അറിഞ്ഞില്ല. തടയാനെത്തിയ അച്ഛനും വെട്ടേറ്റു'. പത്തനംതിട്ടയില്‍ ഭര്‍ത്താവിന്‍റെ ക്രൂരമായ ആക്രമണത്തിനിരയായ വിദ്യയുടെ കണ്ണില്‍ ആ രംഗം ഇന്നും വ്യക്തമായുണ്ട്.

ക​ഴി​ഞ്ഞ​മാ​സം 18-ാം തീയ​തി രാ​ത്രി എ​ട്ടി​ന് കലഞ്ഞൂരിലെ വീട്ടിൽ ടി.​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കുമ്പോഴാ​ണ്​ വിദ്യയെ ഭർത്താവ് സന്തോഷ്‌ വെട്ടുന്നത്. വാളിന് വെട്ടി കൊല്ലാനായില്ലെങ്കിൽ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. അതിനായി കൊണ്ടുവന്ന ആസിഡ് കൃത്യത്തിന് തൊട്ടുമുൻപ് തുറക്കുന്നതിനിടെ വഴുതി പോയതിനാൽ അതുമാറ്റിവച്ചാണ് വീട്ടിലേക്ക് പാഞ്ഞുകയറിയത്.

'കൊല്ലാനാണ് അയാള്‍ വന്നത്, ഇനി ജീവിതം മകനുവേണ്ടി' ; ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ കൈകള്‍ അറ്റുതൂങ്ങിയ വിദ്യ പറയുന്നു

അഞ്ച് വയസുള്ള കുഞ്ഞിന്‍റെ മുന്നിലിട്ടാണ് സന്തോഷ് തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് വിദ്യ പറയുന്നു. ജീവനെടുക്കാൻ വന്ന ക്രൂരനായ ഭർത്താവിന്‍റെ മനസാക്ഷി മരവിപ്പിക്കുന്ന അക്രമ നിമിഷങ്ങൾ വിദ്യ ഓർത്തെടുക്കുന്നു. അഞ്ചുവയസുകാരൻ മകനുവേണ്ടി ജീവിക്കണമെന്ന ഒരമ്മയുടെ മനക്കരുത്തും നിശ്ചയദാർഢ്യവും ആ മുഖത്ത് വായിച്ചെടുക്കാം. ഭർത്താവിന്‍റെ വെട്ടേറ്റ് അറ്റുതൂങ്ങി രക്തം വാർന്നൊഴുകുന്ന കൈകളുമായി ആശുപത്രിയിലേക്ക് പോകുമ്പോഴും വിദ്യ പതറിയിരുന്നില്ലെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ പീഡനം : വി​ദ്യ​യും ഏ​ഴം​കു​ളം സ​ന്തോ​ഷ് ഭ​വ​ന​ത്തി​ല്‍ സ​ന്തോ​ഷുമാ​യി വി​വാ​ഹം ന​ട​ന്ന​ത് 2016 ലാ​ണ്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ സംശയരോഗിയായ ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് തുടങ്ങിയെന്ന് വിദ്യ പറയുന്നു. വീട്ടുകാരോടും അയല്‍ക്കാരോടും സംസാരിക്കാൻ അനുവദിക്കില്ല.

മൊബൈൽ ഫോൺ ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ല. അത്യാവശ്യ കാര്യങ്ങൾക്ക് ഭർത്താവിന്‍റെ മൊബൈൽ ഫോണിലാണ് സംസാരിച്ചിരുന്നതെന്നും അതിൽ കോൾ റെക്കോർഡർ ഉണ്ടായിരുന്നുവെന്നും പലതരത്തിലുള്ള പീഡനങ്ങൾ സഹിച്ചാണ് ജീവിതം മുന്നോട്ടുനീക്കിയതെന്നും വിദ്യ പറഞ്ഞു.

ഗർഭിണിയായിരിക്കെ കസേരയിൽ നിന്നും ചവിട്ടി താഴെയിട്ടു :അഞ്ച് മാസം ഗർഭിണിയായിരിക്കെ കസേരയിൽ ഇരിക്കുകയായിരുന്ന വിദ്യയെ സന്തോഷ്‌ ചവിട്ടി താഴെയെറിഞ്ഞു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പീഡനമെന്ന് വിദ്യ പറയുന്നു. ഒരിക്കല്‍ മകൻ സഞ്ജയ്‌ക്ക് അഞ്ച് മാസം പ്രായമുള്ളപ്പോൾ ക്ഷേത്രത്തിൽ പോകണമെന്ന് പറഞ്ഞതിന് ക്രൂരമായി മർദിച്ചു.

അയാളുടെ രണ്ട് കൈകളിലേയും വിരലുകൾ വിദ്യയുടെ വായ്ക്കുള്ളിൽ തിരുകി നഖം ഉപയോഗിച്ച് മുറിവേൽപ്പിച്ചു. വായിൽ നിന്നും രക്തം വാർന്നൊഴുകി. തുടര്‍ന്ന് അടുത്ത വീട്ടിൽ ഓടിക്കയറി ഫോൺ ചെയ്ത് വിദ്യ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പീഡനങ്ങൾ സഹിക്ക വയ്യാതെ അവസാനം ഏഴംകുളത്തെ ഭർത്താവിന്‍റെ വീട്ടിൽ നിന്നും കുട്ടിയുമായി വിദ്യ സ്വന്തം വീട്ടിലേക്ക് പോന്നു. അടൂർ പൊലീസിൽ കേസും ഫയല്‍ ചെയ്‌തു.

കുട്ടിയെ വേണമെന്ന് സന്തോഷ്‌,വിവാഹ മോചനം വേണമെന്ന് വിദ്യയും :സന്തോഷുമൊത്തുള്ള ജീവിതം തന്‍റെയും കുട്ടിയുടെയും ജീവൻ അപകടത്തിലാക്കുമെന്ന് മനസിലാക്കിയാണ് വിദ്യ താൻ അനുഭവിച്ച പീഡനങ്ങൾ എല്ലാം വീട്ടുകാരോട് തുറന്നുപറഞ്ഞത്. വിദ്യയും മകനും വീട്ടിൽ വന്നതോടെ കുട്ടിയെ വിട്ടുകിട്ടണമെന്ന് കാണിച്ച് സന്തോഷ്‌ കുടുംബ കോടതിയിൽ കേസ് നൽകി. ഇതിനുശേഷം തനിക്ക് വിവാഹമോചനം വേണമെന്ന് കാണിച്ച് വിദ്യയും കുടുംബ കോടതിയെ സമീപിച്ചു.

മകൻ സഞ്ജയ്‌ എൽകെജി വിദ്യാര്‍ഥിയാണ്. കേസ് കോടതിയിൽ നടന്നുവരുന്നതിനിടെയാണ് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് വിദ്യയെ വീട്ടിൽ കയറി ആക്രമിച്ചത്. തടയാൻ എത്തിയ വിദ്യയുടെ പിതാവിനും വെട്ടേറ്റു. അറ്റുതൂങ്ങിയ കൈകൾ തുന്നി ചേർക്കാൻ സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയാണ്. എന്നാല്‍ മന്ത്രി വീണ ജോര്‍ജിന്‍റെ ഇടപെടലിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൗജന്യമായി ശസ്‌ത്രക്രിയ വിജയകരമായി നടന്നു. തന്‍റെ രണ്ടാം ജന്മത്തിലേക്കുള്ള വഴിയൊരുക്കിയ ഡോക്‌ടർമാർ ദൈവങ്ങളായി മുന്നിൽ നിൽക്കുന്നുവെന്ന് വിദ്യ പറയുന്നു.

മകനെ വളർത്തണം, 'അയാള്‍' പുറത്തിറങ്ങരുത് : കയ്യിലെ മുറിവുകൾ ഭേദമായാൽ എന്തെങ്കിലും ജോലിയ്ക്ക് പോകണമെന്ന് ബി.കോം ബിരുദധാരിയായ വിദ്യ പറയുന്നു. മകനെ പഠിപ്പിക്കണം, സമാധാനത്തോടെ ജീവിക്കണം. അതിന് തടസ്സമാകാൻ ക്രൂരനായ ഭർത്താവ് ഇനി പുറത്തിറങ്ങരുത്. അയാൾ പുറത്തിറങ്ങിയാൽ ഇനിയും ഞങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകും. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് പോയതെന്നും വിദ്യ പറയുന്നു.

ഭാവിയെ കുറിച്ചും, ഭർത്താവിന്‍റെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായേക്കാവുന്ന അക്രമത്തെ കുറിച്ചുമുള്ള ആശങ്ക പങ്കുവയ്ക്കുമ്പോഴും വിദ്യയുടെ മൊഴികൾ ഇടറിയില്ല, മിഴികൾ നിറഞ്ഞില്ല. പ്ലാസ്‌റ്ററുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട രണ്ട് കൈകളുമായിരിക്കുന്ന അമ്മയ്ക്ക് ഭക്ഷണം വാരി നൽകി കുഞ്ഞുകാര്യങ്ങൾ ചോദിച്ച് മകൻ സഞ്ജയ്‌ ഒപ്പമുണ്ട്. മകനെയും ചേർത്തുപിടിച്ച് പീഡനങ്ങളും സങ്കടങ്ങളും ഇല്ലാത്ത ഒരു ജീവിതം സ്വപ്നം കാണുകയാണ് ഈ അമ്മ.

ABOUT THE AUTHOR

...view details