പത്തനംതിട്ട: ഡോക്‌ടറെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തയാള്‍ പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ പറക്കോട് സ്വദേശി വിഷ്ണു വിജയനാണ് അറസ്‌റ്റിലായത്. അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ഡോക്ടർക്ക് നേരെ തെറി വിളിയും ഭീഷണിയും: തടയാനെത്തിയ ആളുടെ കണ്ണില്‍ മുളകുപൊടി സ്പ്രേ; പ്രതി പിടിയില്‍ - മെഡിക്കല്‍ സെന്‍റര്‍ ആശുപത്രി
തുടര്‍ ചികിത്സ സംബന്ധിച്ച് അറിയിച്ചില്ലെന്നു ആരോപിച്ചാണ് പ്രതിയുടെ അക്രമം
വീണ് കാലിന് പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാൾക്ക് ഡോക്‌ടര്‍ ചികിത്സ നല്‍കിയശേഷം നിരീക്ഷണത്തിലിരുത്തി. എന്നാല്‍ ഏറെ നേരമായിട്ടും തുടര്‍ ചികിത്സ സംബന്ധിച്ച് അറിയിച്ചില്ലെന്നു ആരോപിച്ചാണ് ഇയാള്‍ ഡോക്‌ടറെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതിനിടെ അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ഇവിടെ കിടത്തി ചികിത്സയില്ലെന്ന് ഡോക്‌ടര്‍ അറിയിച്ചതോടെ ഇയാൾ കൂടുതൽ പ്രകോപിതനായത്.
പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച യുവാവിന്‍റെ കണ്ണില്‍ ഇയാൾ മുളകുപൊടി സ്‌പ്രേ ചെയ്‌തു. കാപ്പാ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.