പത്തനംതിട്ട:പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായി നാടുവിട്ട ബസ് ഡ്രൈവറെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപമുളള ഒരു ലോഡ്‌ജില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. സ്വകാര്യ ബസിന്‍റെ ഡ്രൈവറും ഒരു കുട്ടിയുടെ പിതാവുമായ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനൊപ്പമാണ് പത്താം ക്ലാസുകാരി പോയത്.
മൂഴിയാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്‌ച(11-07-2022) പുലര്‍ച്ചെ നാലിനാണ് സംഭവം. മാതാവിന്‍റെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയിരുന്ന മാതാവ് ഫോണില്‍ റെക്കോഡിങ് ഓപ്‌ഷന്‍ ഓണാക്കിയിരുന്നു.
ഇതുവഴിയാണ് തിങ്കളാഴ്‌ച പുലര്‍ച്ചെ നാടുവിടാനുള്ള പെണ്‍കുട്ടിയുടെ തീരുമാനം അമ്മ അറിഞ്ഞത്. തുടർന്ന് മാതാവ് പെണ്‍കുട്ടിക്ക് കാവല്‍ ഇരിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെ തന്‍റെ കണ്ണ് വെട്ടിച്ച് പെണ്‍കുട്ടി കടന്നു കളയുകയായിരുന്നു എന്നാണ് മാതാവ് പൊലീസിന് നല്‍കിയ മൊഴി.
മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്‍റെ നമ്പറിലേക്ക് വിളിച്ചു. നിങ്ങളുടെ മകള്‍ എന്‍റെ കൈയില്‍ സുരക്ഷിതയായിരിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മാതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരെയും കോട്ടയത്ത് ഒരു ലോഡ്‌ജില്‍ നിന്നും കണ്ടെത്തിയത്.
മൂഴിയാര്‍ ഇന്‍സ്‌പെക്‌ടര്‍ കെ.എസ് ഗോപകുമാറിന്‍റെ സമയോചിതമായ അന്വേഷണമാണ് ഇരുവരെയും മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്താന്‍ സാധിച്ചത്. സമാനമായ കേസില്‍ ഷിബിന്‍ നേരത്തേ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും. പീഡനം നടന്നിട്ടുണ്ടെങ്കില്‍ പ്രതിയായ ബസ് കണ്ടക്‌ടര്‍ക്ക് എതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.