എറണാകുളം:ആലുവയിൽ നിയമ വിദ്യാർഥി മൊഫിയ പർവീൻ ആത്മഹത്യ ചെയ്‌ത കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിനെതിരെ മൊഫിയയുടെ മാതാപിതാക്കൾ.
Mofia suicide case: മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പേരെടുത്ത് പറഞ്ഞ ആലുവ ഈസ്‌റ്റ് സ്‌റ്റേഷന്‍ സി.ഐ സുധീറിനെ ഒഴിവാക്കിയ പൊലീസ് നടപടി അംഗീകരിക്കില്ലന്ന് മൊഫിയയുടെ മാതാപിതാക്കള്‍. സി.ഐ.സുധീർ അടക്കമുള്ളവരെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പിതാവ് ദിൽഷാദ്. പ്രതികൾക്കെതിരെ ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ എസ് പി.ബി. രാജീവ് ചൊവ്വാഴ്‌ചയാണ് കുറ്റപത്രം സമപ്പിച്ചത്.
ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകാനെത്തിയ മൊഫിയയോട് സി.ഐ മോശമായി പെരുമാറിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നിരുന്നു. എഫ്.ഐ.ആറിലും സി.ഐ സുധീറിനെതിരെ പരാമർശമുണ്ടായിരുന്നു. എന്നാൽ കുറ്റപത്രത്തിൽ നിന്നും സുധീറിനെ ഒഴിവാക്കുകയായിരുന്നു. മൊഫിയയുടെ ഭർത്താവ് സുഹൈലിന്‍റെ മറ്റു ബന്ധുക്കളെ ഒഴിവാക്കിയതിലും മൊഫിയയുടെ മാതാപിതാക്കൾ വിമർശനമുന്നയിച്ചു.