മലപ്പുറം:കുറുപ്പത്താല്‍ ടൗണില്‍ വിദേശത്ത് നിന്നുള്‍പ്പെടെ നിയമ വിരുദ്ധമായി ഫോണ്‍ കോളുകള്‍ ലഭ്യമാവുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേന്ദ്രം കണ്ടെത്തി. മലപ്പുറം ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ മഞ്ചേരി പൂക്കുളത്തൂര്‍ പുറക്കാട് സ്വദേശി തയ്യില്‍ ഹുസൈൻ (31) അറസ്റ്റിലായി.
മലപ്പുറത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്; ഒരാള്‍ അറസ്റ്റില്‍ - ജില്ലാ വാര്‍ത്തകള്‍
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ നിയമാനുസൃതമല്ലാതെ വിളിക്കാന്‍ വേണ്ടിയാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നത്.
അന്വേഷണത്തിനായി പെരിന്തല്‍മണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കുറുപ്പത്താല്‍ ടൗണില്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ മുറി വാടകക്കെടുത്തതെന്നും ഒരു മാസമായി എക്‌സ്‌ചേഞ്ച് നടത്തി വന്നതെന്നും പൊലീസ് പറഞ്ഞു. ഇന്‍റര്‍നാഷണല്‍ കോളുകള്‍ റൂട്ടര്‍ ഡിവൈസ് ഫിറ്റ് ചെയ്ത് നിയമലംഘനം നടത്തി ലോക്കല്‍ കോളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്.
ഇതിന് സഹായിക്കുന്ന സിം കാര്‍ഡുകള്‍, റൂട്ടര്‍ ഡിവൈസുകള്‍, എന്നിവയും ഇന്‍വെര്‍ട്ടര്‍ സിസ്റ്റവുമുള്‍പ്പടെയുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇത്തരത്തില്‍ നിയമലംഘനം നടത്തി ഇന്‍റര്‍നാഷണല്‍ കോളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.