പത്തനംതിട്ട: പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ ജോബിയെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സിപിഎം അംഗങ്ങള്‍ കയ്യേറ്റം ചെയ്‌തതായി പരാതി. ചുരിദാര്‍ വലിച്ചു കീറുകയും ഷാള്‍ വലിച്ചെടുക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്‌തതായാണ് പരാതി. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വച്ച് സിപിഎം വനിത പ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകായിരുന്നെന്ന് സൗമ്യ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാന്‍, ഷിജു പി കുരുവിള, ലോക്കല്‍ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റമെന്നാണ് പരാതി. ആക്രമണത്തെ തുടര്‍ന്ന് കോയിപ്രം പൊലീസില്‍ സൗമ്യ പരാതി നല്‍കി. സംഭവത്തില്‍ നാല് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു.
സിപിഎം പ്രവര്‍ത്തക ശോഭിക, മറ്റ് കണ്ടാലറിയുന്ന മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാഹനവും തല്ലിതകർത്തിരുന്നു. വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനു ശേഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു.
ഈ അവിശ്വാസപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്‌ക്കെടുക്കാതെ പരാജയപ്പെട്ടു. തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു. അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്‍റെ വൈരാഗ്യമാണ് സിപിഎം അക്രമത്തിന് കാരണമെന്നും സൗമ്യ പറഞ്ഞു.