പാലക്കാട്: പുതുശേരിയിലെ ദേശീയ പാത ഫ്ലൈഓവറിൽ കാർ തടഞ്ഞ് നിർത്തി കാറും പണവും തട്ടിയെടുത്ത കേസിൽ പ്രധാന കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.പത്തിരിപ്പാല അകലൂർ കൊടക്കാട് സ്വദേശി നൗഷാദ്(41)നെയാണ് കസബ പൊലീസ് പിടികൂടിയത്.
ഡിസംബർ 15 നാണ് കേസിനാസ്പദമായ സംഭവം. കാർ തട്ടിയെടുത്ത ശേഷം പ്രതികൾ കാർ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ കോഴിപ്പാറ കൊട്ടിൽപ്പാറ സ്വദേശി രവിയെ ജനുവരി 13 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിസിടിവികൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് കസബ ഇൻസ്പെകടർ എൻ.എസ് രാജീവ് അറിയിച്ചു.
സംഘത്തിലെ പ്രധാന കണ്ണിയായ നൗഷാദിന് മറ്റു സ്റ്റേഷനുകളിൽ കേസുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിൻ്റെ നിർദ്ദേശപ്രകാരം ഡി വൈ എസ്പിമാരായ ഹരിദാസ്, ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ് രാജീവ്, എ ദീപകുമാർ, ഇ .ആർ ബൈജു, കെ.ഹരീഷ്, എസ്. അനീഷ്, എ. രംഗനാഥൻ, ഷാഹുൽ ഹമീദ് , വിമൽകുമാർ, മണികണ്ഠദാസ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ALSO READ:വനിത ഹോസ്‌റ്റിലിന് മുമ്പിൽ പട്ടാപകൽ നഗ്നത പ്രദർശനം; ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറി