അമരാവതി (ആന്ധ്രപ്രദേശ്):ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായ യുവതി അമ്മയ്‌ക്ക് സന്ദേശമയച്ച ശേഷം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്‌തു. സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന ഗുണ്ടൂര്‍ സ്വദേശി ജാസ്‌തി ശ്വേത ചൗധരി (22) ആണ് മരണപ്പെട്ടത്. ആന്ധ്രപ്രദേശിലെ എൻടിആർ ജില്ലയിലെ ജഗ്ഗായപേട്ടിലുള്ള ചില്ലക്കല്ലുവിലാണ് സംഭവം.
ഹൈദരാബാദിലെ ഒരു കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജാസ്‌തി ശ്വേത ചൗധരി കഴിഞ്ഞ മൂന്ന് മാസത്തോളമായി വീട്ടില്‍ നിന്നായിരുന്നു ജോലി ചെയ്‌തിരുന്നത്. ശനിയാഴ്‌ച രാത്രി വീട്ടില്‍ നിന്നും പുറത്ത് വന്ന ശേഷം അമ്മയ്‌ക്ക് വാട്‌സാപ്പില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് സന്ദേശം അയച്ചതിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്‌തത്. ചില്ലക്കല്ല് കുളത്തിൽ ചാടി ആത്മഹത്യ ചെയ്‌ത യുവതിയുടെ മൃതദേഹം ഞായറാഴ്‌ച രാവിലെയോടൊണ് കണ്ടെത്തിയത്.
ഓൺലൈൻ തട്ടിപ്പാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. ഓണ്‍ലൈനില്‍ ശ്വേതയെ പരിചയപ്പെട്ട ഒരു അപരിചിതനാണ് ശ്വേതയെ തട്ടിപ്പിന് ഇരയാക്കിയത്. 1.2 ലക്ഷം രൂപ അടച്ചാൽ ഏഴ് ലക്ഷം രൂപ തിരികെ നല്‍കാമെന്നായിരുന്നു തട്ടിപ്പുകാരന്‍റെ വാഗ്‌ദാനം.
തന്‍റെ കയ്യില്‍ ആവശ്യത്തിന് പണമില്ലെന്ന് പറഞ്ഞപ്പോള്‍ തട്ടിപ്പുകാരന്‍ ശ്വേതയുടെ അക്കൗണ്ടിലേക്ക് 50,000 രൂപ നിക്ഷേപിച്ച ശേഷം ബാക്കി തുക താന്‍ നല്‍കിയ അക്കൗണ്ടിലേക്ക് ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ശ്വേത തട്ടിപ്പുകാരന്‍റെ നിര്‍ദേശപ്രകാരം 1.3 ലക്ഷം രൂപ കൈമാറി. പണം കൈമാറിയ ശേഷം യുവതി തട്ടിപ്പുകാരനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു.
ഇയാളെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്വേത ഏറെ വിഷമിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ചില്ലക്കല്ല് എസ്‌ഐ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.