എറണാകുളം:പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. റിമാൻഡിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ 90 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് എക്‌സ്‌റ്റൻഷൻ റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങളാണ് എൻഐഎ വിചാരണ കോടതിയെ അറിയിച്ചിട്ടുള്ളത്.
പോപ്പുലർ ഫ്രണ്ടിന്‍റെ രഹസ്യ വിഭാഗമാണ് ഇതര മതത്തിൽപ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതെന്നും എൻഐഎ വ്യക്തമാക്കി. പിഎഫ്‌ഐ ഓഫിസുകൾ കേന്ദ്രീകരിച്ചാണ് രഹസ്യ വിഭാഗം പ്രവർത്തിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുണ്ടെന്നും എൻഐഎയുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. രാജ്യാന്തര ഭീകരവാദ സംഘങ്ങളുമായി പിഎഫ്‌ഐ നേതാക്കളുടെ ബന്ധത്തെ കുറിച്ച് വിശദമായി അന്വേഷിക്കുകയാണ്.
പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി: അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു. 90 ദിവസത്തേക്ക് കൂടി പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകുകയും ചെയ്‌തു. യുഎപിഎ നിയമത്തിലെ 13, 18, 19, 38, 39 തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഗുരുതര ആരോപണങ്ങളുമായി എൻഐഎ: പ്രതികൾക്കെതിരെ ആദ്യത്തെ റിമാൻഡ് റിപ്പോർട്ടിൽ തന്നെ അതീവ ഗുരുതരമായ ആരോപണങ്ങൾ എൻഐഎ ഉന്നയിച്ചിരുന്നു. വിവിധ മതങ്ങളിലും ഗ്രൂപ്പുകളിലുമുള്ളവർ തമ്മിൽ ശത്രുത സൃഷ്‌ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി. പൊതുസമാധാനം തകർക്കാനും രാജ്യത്തിനെതിരെ അതൃപ്‌തി ഉളവാക്കാനുമുള്ള ഉദേശ്യത്തോടെയുള്ള ക്രിമിനൽ ബലപ്രയോഗത്തെ ന്യായീകരിക്കുന്ന ബദൽ നീതിന്യായ സംവിധാനം സൃഷ്‌ടിച്ചു.
രാജ്യത്തെ യുവാക്കളെ അല്‍ ഖ്വയ്‌ദ, ലഷ്‌കര്‍ ഇ തൊയ്‌ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും പ്രേരിപ്പിച്ചു. പ്രതികൾ സംഘടിത കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ആവർത്തിച്ച് സജീവമായി പങ്കാളികളായി. സമൂഹത്തിലെ മറ്റ് മതവിഭാഗങ്ങളെ ഭയപ്പെടുത്തുകയും പൊതുസമൂഹത്തിൽ ഭീതി സൃഷ്‌ടിക്കുകയും ചെയ്‌തു തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ.
അതിനാല്‍ പ്രതികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ അന്വേഷണം തുടരുകയാണെന്നാണ് എൻഐഎയുടെ പുതിയ റിപ്പോർട്ടിലും സൂചിപ്പിക്കുന്നത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ ആകെ 13 പ്രതികളാണുള്ളത്.