തിരുവനന്തപുരം: നേമം വെള്ളായണി ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായി പൊലീസ് താത്‌കാലികമായി നിര്‍മിച്ച എയ്ഡ് പോസ്‌റ്റ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വെള്ളായണി ക്ഷേത്രോത്സവത്തിന്‍റെ ഒന്നാം ദിവസമായിരുന്ന ഇന്നലെ രാത്രി എട്ട് മണിയോടുകൂടിയാണ് സംഭവം. സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസ് എടുത്തതായി നേമം പൊലീസ് അറിയിച്ചു.
അങ്ങനെ വിശ്രമിക്കേണ്ട:സംഘര്‍ഷ സാധ്യതയുളളതിനാല്‍ കമ്മിറ്റി ഓഫിസിനു സമീപം നേമം പൊലീസ് പ്രത്യേക വിശ്രമകേന്ദ്രം നിര്‍മിക്കുകയായിരുന്നു. താത്‌കാലികമായി ടെന്‍റ് കെട്ടി പൂര്‍ത്തിയാക്കിയതോടുകൂടിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ടെന്‍റ് പൊളിച്ചു നീക്കണമെന്ന ആവശ്യവുമായെത്തിയത്. പൊലീസിനു വേണ്ടി പ്രത്യേക വിശ്രമകേന്ദ്രം കെട്ടാന്‍ സാധിക്കുകയില്ലെന്നും ഉടന്‍ പൊളിച്ചു മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൊലീസ് കെട്ടിയ ടെന്‍റ് പൊളിച്ച് നീക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇതില്‍ നിന്നും പിന്തിരിയണമെന്നും നേമം സി.ഐ രഗീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടെങ്കിലും അവര്‍ ഇതിന് വഴങ്ങിയില്ല. ഇതിനിടെ പൊലീസിനുനേരെ ആക്രോശവുമായെത്തിയ ആര്‍എസ്എസുകാര്‍ വിശ്രമകേന്ദ്രം പൂര്‍ണമായും പൊളിച്ചു നീക്കുകയായിരുന്നു.