തിരുവനന്തപുരം:പൊലീസ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ പ്രതികള്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യമെടുത്തു. കളള് ഷാപ്പിലെ ജീവനക്കാരനായ ആനാട് നാഗഞ്ചേരി സ്വദേശി ലാലു എന്ന ബാലചന്ദ്രനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ നെടുമങ്ങാട് നെട്ടറക്കോണം ഷിബു, ആര്യനാട് അജയന്‍ എന്നിവരാണ് കോടതിയിലെത്തി ജാമ്യം എടുത്തത്. കേസില്‍ ഇര നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയ പ്രതികളെ കോടതി നേരിട്ട് പ്രതികളാക്കി വിചാരണ ചെയ്യുന്നത്.
ആറാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ. വിഷ്‌ണുവാണ് കേസ് പരിഗണിച്ചത്. തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഷിബുവും അജയനുമാണെന്ന ബാലചന്ദ്രന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കോടതി പ്രതികളാക്കിയത്. സംഭവത്തില്‍ കോടതി അഡിഷണല്‍ ജില്ല ഗവണ്‍മെന്‍റ് പ്ലീഡര്‍ എം. സലാഹുദ്ദീനോട് വിശദീകരണം തേടി.