സുന്നിപ്പെന്‍റ (ആന്ധ്രപ്രദേശ്) :വേദപഠനത്തിനെത്തിയ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ അധ്യാപക ദമ്പതികൾ അറസ്റ്റിൽ. രണ്ട് വർഷം മുൻപാണ് 13കാരനെ അധ്യാപകരുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കർണൂൽ നഗരത്തിനടുത്തുള്ള എടുരൂർ ഗ്രാമത്തിലെ സുവർണയുടെയും മഹേഷിന്‍റെയും മകനായ മധുകുമാർ ശർമയാണ് (13) മരിച്ചത്.
ശ്രീശൈലം മണ്ഡലം സുന്നിപെന്‍റയിൽ രാമശർമ-സിരിഷ ദമ്പതികൾ നടത്തുന്ന സ്വകാര്യ വേദപാഠശാലയിൽ മധുകുമാറിനെ രക്ഷിതാക്കൾ ചേർത്തു. അവിടെ നിന്ന് പഠിച്ചിരുന്ന മധുകുമാറിനെ കൊണ്ട് ദമ്പതികൾ വീട്ടുജോലികൾ ഉൾപ്പടെ ചെയ്യിക്കുമായിരുന്നു. കേട്ടില്ലെങ്കിൽ ക്രൂരമായി മർദിക്കുകയും ചെയ്‌തിരുന്നു.
ഒരു ദിവസം യജ്ഞസമയത്ത് പറഞ്ഞത് കേട്ടില്ലെന്നാരോപിച്ച് മധുകുമാറിനെ മർദിച്ച് ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു. ആറ് ദിവസത്തിന് ശേഷം മുറിയുടെ വാതിൽ തുറന്നപ്പോഴാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിൽ 2020 ജൂലൈ 7ന് ശ്രീശൈലം സെക്കൻഡ് ടൗൺ പൊലീസ് സ്റ്റേഷനിൽ ദുരൂഹ മരണത്തിന് കേസെടുത്തു.