കേരളം

kerala

ETV Bharat / crime

സുഹൃത്തിനെ ബാറ്റുകൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമം ; ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

ഡിസംബർ 18നാണ് കേസിനാസ്‌പദമായ സംഭവം. ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് പ്രതിയായ ജോ വർഗീസ് യുവാവിന്‍റെ തലയ്‌ക്കടിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ആലപ്പുഴ പട്ടണക്കാട് നിന്നും പിടികൂടി

murder attempt in pathanamthitta youth arrested  murder attempt  murder attempt in pathanamthitta  pathanamthitta crime news  pathanamthitta news  youth arrested for trying to kill friend  യുവാവിനെ കൊലപ്പെടുത്താൻ ശ്രമം  കൊലപാതകക്കേസിൽ സുഹൃത്ത് അറസ്റ്റിൽ  കൊലപാതക ശ്രമം  കൊലപാതക ശ്രമത്തിൽ യുവാവ് അറസ്റ്റിൽ  വധശ്രമകേസ്  വധശ്രമകേസിൽ യുവാവ് അറസ്റ്റിൽ  പത്തനംതിട്ട  പത്തനംതിട്ട വാർത്തകൾ  യുവാവ് അറസ്റ്റിൽ  സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം
സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം

By

Published : Feb 12, 2023, 2:22 PM IST

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

പത്തനംതിട്ട :ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് യുവാവിന്‍റെ തലയ്‌ക്കടിച്ച സുഹൃത്ത് അറസ്റ്റിൽ. ഒളിവിലായിരുന്ന കല്ലൂപ്പാറ സ്വദേശി വിനീത് എന്ന് വിളിക്കുന്ന ജോ വർഗീസിനെയാണ് (32) കീഴ്‌വായ്പ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. കല്ലൂപ്പാറ ചെങ്ങരൂർ സ്വദേശി ശരത് കൃഷ്‌ണനാണ് (32) തലയ്‌ക്കടിയേറ്റത്.

വാക്കുതർക്കം ആക്രമണത്തിലേക്ക്:ഉറ്റ സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ മാസങ്ങൾക്കുമുമ്പുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ലോകകപ്പ്‌ ഫുട്ബാൾ ഫൈനൽ മത്സരം നടന്ന കഴിഞ്ഞ ഡിസംബർ 18 ന് രാത്രി 10 മണിക്കാണ് സംഭവം. ഇരുവരും പുതുശ്ശേരിയിലെ ഒരു സ്പോർട്‌സ് ക്ലബ്ബിൽ പ്രവർത്തിക്കുന്നുണ്ട്.

പ്രതി ജോ, ക്ലബ്ബിന്‍റെ നിലവിലെ പ്രസിഡന്‍റും ശരത് മുൻ പ്രസിഡന്‍റുമാണ്. പുതുശ്ശേരി എംജിഡി സ്‌കൂൾ ഗ്രൗണ്ടിൽ ഡിസംബർ 18ന് ഫുട്ബോൾ മത്സരം കണ്ടുകൊണ്ടിരുന്ന ശരത്തിനെ ഗ്രൗണ്ടിന്‍റെ ഒരുഭാഗത്തേക്ക് വിളിച്ചുകൊണ്ടുപോയി പ്രതി ബാറ്റ് കൊണ്ട് തലയ്ക്ക‌ടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ അടിയിൽ ഇടതുചെവിയോടുചേർന്ന ഭാഗത്ത് മുറിവുണ്ടാവുകയും, തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്‌തു. ശരത്തിന്‍റെ മൊഴിപ്രകാരം കീഴ്‌വായ്‌പ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒളിവിൽ പോയ ജോയെ കണ്ടെത്താനുള്ള തെരച്ചിൽ പൊലീസ് വ്യാപിപ്പിച്ചിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഒളിവിൽ കഴിഞ്ഞുവന്ന ഇയാൾ, ആലപ്പുഴ പട്ടണക്കാടുള്ള ഒരു ബാറിൽ പാചകത്തൊഴിലാളിയായി ജോലി ചെയ്‌തുവരുന്നതായി പൊലീസ് സംഘം കണ്ടെത്തി. അന്വേഷണ സംഘം അവിടെയെത്തി മൂന്ന് ദിവസത്തോളം ഹോട്ടലുകളും ഷാപ്പുകളും പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്‌തു.

വീട്ടിലേക്കുള്ള ഫോൺവിളിയിൽ കുടുങ്ങി: തുടർന്ന് പട്ടണക്കാട് പൊന്നാവെളിയിൽ കീർത്തി പാലസ് ബാർ ഹോട്ടലിലെ ജീവനക്കാർ പൊലീസ് ഉദ്യോഗസ്ഥർ കാണിച്ച ജോയുടെ ഫോട്ടോ തിരിച്ചറിഞ്ഞു. ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഫോൺ ഉപയോഗിക്കാതിരുന്ന പ്രതി ഒടുവിൽ ബാറിൽ കൂടെ ജോലിയെടുക്കുന്നയാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് കേസിൽ നിർണായകമായത്.

വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്തിന് അടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീടിന് സമീപം കുറ്റിക്കാട്ടിൽ നിന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ബാറ്റും തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. 2010 ൽ കീഴവായ്‌പ്പൂർ രജിസ്റ്റർ ചെയ്‌ത ദേഹോപദ്രവക്കേസിലെയും പ്രതിയാണ് ജോ വർഗീസ്.

പൊലീസ് ഇൻസ്‌പെക്‌ടർ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിൽ എസ് ഐ ആദർശ്, എ എസ് ഐ പ്രസാദ്, എസ് സി പി ഒ അൻസിം, സി പി ഒ വിഷ്‌ണു, രതീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details