തിരുവനന്തപുരം: കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ (68) നഷ്‌ടപ്പെട്ട എട്ടരപവന്‍റെ ആഭരണങ്ങൾ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ആഭരണങ്ങള്‍ വീട്ടിലെ ഫ്രിഡ്‌ജിന് പിന്നില്‍ നിന്ന് കണ്ടെത്തിയ വിവരം മനോരമയുടെ ഭര്‍ത്താവ് ദിനരാജ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവര്‍ ധരിച്ചിരുന്ന കാണാതായ എട്ടരപവന്‍റെ ആഭരണങ്ങളും ലഭിച്ചു.
6 പവന്‍റെ സ്വര്‍ണമാല, രണ്ട് വള, ഒരു കമ്മൽ എന്നിവയാണ് ലഭിച്ചത്. മോഷണത്തിനെത്തിയ കൊലപാതകി ആഭരണങ്ങള്‍ക്കായുള്ള പിടിവലിക്കിടെ ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് കിണറ്റില്‍ തള്ളുകയായിരുന്നുവെന്നായിരുന്നു പൊലീസ് വാദം. ആഭരണങ്ങൾ ലഭിച്ചതോടെ മനോരമയെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ മോഷണ ശ്രമമായിരുന്നു എന്ന പൊലീസ് വാദം പൊളിയുന്നു.
കാരണം കണ്ടെത്താനാകാതെ പൊലീസ്: മനോരമയുടെ മരണത്തിൽ അസം സ്വദേശി ആദം അലിയെ (21) പിടികൂടിയിരുന്നു. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍.പി.എഫ് ആണ് ഇയാളെ പിടികൂടിയത്. ആദം അലിയുമായി കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് പൊലീസ് കൊല നടന്ന കേശവദാസപുരത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിനുപയോഗിച്ച കത്തി വീടിനു സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയെങ്കിലും നഷ്‌ടമായ സ്വര്‍ണാഭരണങ്ങള്‍ അന്ന് കണ്ടെത്താനായിരുന്നില്ല.
തൊണ്ടി മുതലായ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനാകാത്തത് കേസിനു തിരിച്ചടിയാകുമെന്ന് അന്നു തന്നെ നിയമവൃത്തങ്ങള്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എങ്കിലും കെലപാതകം മോഷണശ്രമത്തിനു വേണ്ടിയാണെന്ന വാദത്തില്‍ കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് പൊലീസ് ഉറച്ചു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീടിനുള്ളില്‍ നിന്നു തന്നെ ആഭരണങ്ങള്‍ കണ്ടെടുത്തതോടെ കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.
കൊലപാതകത്തിനു പിന്നില്‍ മോഷണ ശ്രമമല്ലെന്നാണ് ഇപ്പോള്‍ പൊലീസ് നിലപാട്. അങ്ങനെയെങ്കില്‍ കൊലപാതകത്തിനുള്ള പ്രേരണ എന്തെന്ന് ഇനി കണ്ടെത്തേണ്ടിവരും. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ ഇനി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരും. അന്വേഷണത്തിന്‍റെ തുടക്കത്തിലേ മോഷണ ശ്രമം എന്ന ഒറ്റക്കാരണത്തില്‍ പിടിച്ച് അന്വേഷണം നടത്തുന്നതിനു പകരം പല സാധ്യതകളിലേക്ക് അന്വേഷണ സംഘം നീങ്ങാതിരുന്നത് കേസന്വേഷണത്തിനു തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു.