ഇടുക്കി: ആഴ്‌ചകൾക്ക് മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തങ്കമണി സ്വദേശിനിയായ സിന്ധുവിന്‍റെ മൃതദേഹമാണ് പണിക്കൻകുടി സ്വദേശിയായ ബിനോയിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. നിലവിൽ ബിനോയ് ഒളിവിലാണ്.
സിന്ധുവിന്‍റെ അമ്മയുടെ പരാതിയിൽ അന്വേഷണം
25 ദിവസം മുമ്പാണ് സിന്ധുവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. തുടർന്ന് സിന്ധുവിന്‍റെ അമ്മ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. ഇതിനുപിന്നാലെ ബിനോയിയെയും കാണാതാവുകയായിരുന്നു. പൊലീസ് ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബിനോയിയുടെ വീട്ടിൽനിന്ന് സിന്ധുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് അടുക്കളയിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി ബിനോയിക്കായി തെരച്ചിൽ ഊർജിതം
സിന്ധുവിനെ കൊലപ്പെടുത്തിയശേഷം ബിനോയ് തന്നെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതിനിടെ ബിനോയിയെ കണ്ടെത്താൻ അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ALSO READ:തിരൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
ഭർത്താവുമായി പിണങ്ങി പണിക്കൻകുടിയിലെ വാടകവീട്ടിലായിരുന്നു സിന്ധു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ബിനോയിയുമായി അടുപ്പത്തിലാവുകയും ഇയാളോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അടുത്തിടെ ഇരുവരും തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. സിന്ധുവിനെ ബിനോയ് നിരന്തരം മർദിച്ചിരുന്നതായും സിന്ധുവിന്‍റെ അമ്മ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
സിന്ധുവിനെ കാണാതായതിന് ശേഷം ബിനോയിയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഉണ്ടായ സംശയമാണ് പരാതിക്ക് ഇടയാക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ ഇയാൾ സിന്ധുവിന്‍റെ മകനെ ബന്ധുവീട്ടിൽ ഏൽപ്പിച്ചശേഷമാണ് നാടുവിട്ടത്.