ബെംഗളുരു:കാണാതായ വൃദ്ധയുടെ മൃതദേഹം അലമാരയിൽ നിന്ന് കണ്ടെത്തി. കർണാടകയിലെ തുമകുരുവിലാണ് സംഭവം. വൃദ്ധ വാടകക്ക് താമസിക്കുന്ന വീട്ടിലെ അലമാരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മുസഗൊല്ലഹട്ടി സ്വദേശി പാർവതമ്മയാണ് (80) മരിച്ചത്. തുമകുരു നെരലൂരിലെ വാടക വീടിന്‍റെ മൂന്നാം നിലയിലായിരുന്നു വൃദ്ധ താമസിച്ചിരുന്നത്. മൂന്ന് ദിവസമായി വൃദ്ധയെ കാണാനില്ലെന്ന് കാണിച്ച് അത്തിബെലെ പൊലീസിൽ മകൻ പരാതി നൽകിയിരുന്നു.
പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ അലമാരയിൽ നിന്ന് വസ്‌ത്രത്തിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വൃദ്ധ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്. വൃദ്ധയെ കാണാതായത് മുതൽ സമീപത്ത് താമസിക്കുന്ന പായൽ ഖാൻ എന്ന സ്‌ത്രീയേയും കാണാതായിരുന്നു.
വൃദ്ധയുടെ മരണത്തിൽ പായൽ ഖാന് പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് അത്തിബെലെ പൊലീസ് ഇൻസ്പെക്‌ടർ കെ വിശ്വനാഥ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗളുരു റൂറൽ എസ്‌പി മല്ലികാർജുന ബലദണ്ടി സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.