തിരുവനന്തപുരം : പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് 25 കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെ(22)യാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ആർ. ജയകൃഷ്‌ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറ് മാസവും കൂടുതൽ തടവ് അനുഭവിക്കണം.
2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തിനുള്ളിൽ വിധി വന്നു എന്ന പ്രത്യേകതയുമുണ്ട് ഈ കേസിന്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. പുസ്‌തകം നൽകാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിൽ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബർ ഒന്നിന് പുലർച്ചെ ഒരു മണിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതിൽ തുറക്കാൻ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു.
കുട്ടി വിസമ്മതിച്ചപ്പോൾ നാട്ടുകാരെ വിളിച്ച് ഉണർത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന കുട്ടി വാതിൽ തുറന്ന് കൊടുത്തപ്പോൾ മുറിയിൽ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം പ്രതി പല തവണ കുട്ടിയെ ശാരീരിക ബന്ധത്തിനായി വിളിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല.