ഗുവാഹത്തി : മിസോറാമിൽ വൻ മയക്കുമരുന്ന് വേട്ട. മ്യാൻമർ അതിർത്തിയോട് ചേർന്ന് ചാമ്പൈ ജില്ലയിലെ മേൽബുക്ക് പ്രദേശത്തുനിന്നാണ് 167.86 കോടി രൂപ വിലമതിക്കുന്ന, വിപണിയിൽ 'മെഥ് പിൽസ്' എന്നറിയപ്പെടുന്ന മെഥാംഫെറ്റാമിൻ ഗുളികകൾ പിടിച്ചെടുത്തത്.
വൻ ലഹരിമരുന്ന് വേട്ട ; പിടിച്ചെടുത്തത് 167 കോടി രൂപയുടെ മെഥാംഫെറ്റാമിൻ - മെഥാംഫെറ്റാമിൻ ഗുളികകൾ പിടികൂടി
രഹസ്യ വിവരത്തെ തുടർന്ന് സെർച്ചിപ്പ് ബറ്റാലിയനും മിസോറാം പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിഴക്കൻ മിസോറാമിൽ നിന്നും ലഹരി ഗുളികകൾ പിടിച്ചെടുത്തത്
അസം റൈഫിൾസിന് കീഴിലുള്ള സെർച്ചിപ്പ് ബറ്റാലിയനും മിസോറാം പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയില്‍ 55.80 കിലോഗ്രാം തൂക്കം വരുന്ന 5,05,000 മെഥാംഫെറ്റാമിൻ ഗുളികകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
രഹസ്യ വിവരത്തെ തുടർന്ന് യുവതിയുടെ വാഹനം തടഞ്ഞ സംഘം വാഹനത്തിന്‍റെ വിവിധ അറകളില്‍ നിന്നാണ് ഗുളികകൾ പിടിച്ചെടുത്തത്. മിസോറാമിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 200 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് അസം റൈഫിൾസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.