തിരുവനന്തപുരം: കഴക്കൂട്ടത്ത് എസ് എഫ് എസ് ഫ്ലാറ്റിൽ നിന്ന് ഹാഷിഷ് ഓയിലും എംഡിഎംഎയുമായി ഒരാൾ എക്സൈസിന്‍റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിയായ എച്ച്. അരുൺ ദാസാണ് അറസ്‌റ്റിലായത്. പ്രതിയിൽ നിന്നും 17 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാളായ അൻസിൽ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം കോഴിക്കോട് പിടിയിലായ പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കെത്തിച്ച അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയടക്കമുള്ള ലഹരിവസ്‌തുക്കൾ കണ്ടെടുത്തത്.
നെതർലാൻഡ്‌സിൽ നിന്നും മാസത്തിൽ ഒന്നിലേറെ തവണകളായി പാഴ്‌സലായിട്ടാണ് ലഹരിവസ്‌തുക്കൾ കേരളത്തിൽ എത്തിച്ചിരുന്നത്. എട്ടുമാസമായി പ്രതികൾ പാഴ്‌സൽ വരുത്തുന്നുണ്ടെന്നും എക്സൈസ് പറഞ്ഞു. ടെക്നോപാർക്കിലുംവിവിധ ഫ്ലാറ്റുകളിലുമായി ചില്ലറ വിൽപന നടത്തിവരികയായിരുന്നു സംഘം.
ലഹരി കടത്തും വിൽപനയും നടത്തുന്ന മറ്റുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം എക്‌സൈസ് ഇൻസ്പെക്‌ടർ എ. മുഹമ്മദ് റാഫി പറഞ്ഞു.
അസി.എക്സൈസ് ഇൻസ്പെക്‌ടർ ശ്യാംകുമാർ, ഐ.ബി പ്രിവന്‍റീവ് ഓഫീസർ ബി. സന്തോഷ് കുമാർ, ദേവലാൽ, സി.ഇ.ഒ മാരായ രാകേഷ്, റഹീം, ഹരികൃഷ്‌ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ALSO READ:വാടക ഗർഭധാരണത്തിന്‍റെ പേരിൽ തട്ടിപ്പ്; നവജാത ശിശുവിനെ ഏഴ് ലക്ഷം രൂപയ്‌ക്ക് വിറ്റ ഡോക്‌ടർ പിടിയിൽ